Connect with us

Palakkad

താളപ്പെരുമയില്‍ മുളയംകാവ് മാധവവാദ്യ വിദ്യാലയം

Published

|

Last Updated

പട്ടാമ്പി: മേളപ്പെരുക്കത്തിന്റെ താളപ്പെരുമയില്‍ മുളയംകാവ് മാധവവാദ്യ വിദ്യാലയം 22 ാമത് അരങ്ങേറ്റത്തിന് ഒരുങ്ങി.
വിദ്യാരംഭ ദിനത്തിലാണ് 50 കുട്ടികള്‍ അണിനിരക്കുന്ന അരങ്ങേറ്റം. വാദ്യക്കാരന്‍ കൊട്ടിലിങ്ങല്‍ മാധവനാശാന്റെ സ്മരണാര്‍ഥ്ം മുളയംകാവില്‍ തുടങ്ങിയ മാധവവാദ്യ വിദ്യാലയം 1993ലാണ് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം നേടുന്നത്. വാദ്യകാല ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ജാതി, മത, ലിംഗ വിത്യാസമില്ലാതെ വാദ്യതല്‍പ്പരരായ എല്ലാവര്‍ക്കും വാദ്യപരിശീലനം നല്‍കുന്നു. തയമ്പക, പഞ്ചാരിമേളം, കേളി, കുഴല്‍വാദ്യം, കൊമ്പുവാദ്യം, ഇടക്കവാദനം എന്നിവ ഇവിടെ അഭ്യസിപ്പിച്ചു വരുന്നു. സ്‌കൂള്‍ കലോത്സവ വേദികളില്‍ സംസ്ഥാന തലം വരെ തായമ്പകയില്‍ മാറ്റുരയ്ക്കാനെത്തുന്നത് ഇവിടെത്തെ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനവും നേടിയത് ഇവിടെ വാദ്യപരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ്. കേരളത്തിന് പുറമെ ദക്ഷിണാഫ്രിക്കയിലും വാദ്യപരിപാടികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് പുറമെ വിദേശികള്‍ക്കായി ഡമോണ്‍സ്‌ട്രേഷന്‍ പരിപാടികളും അവതരിപ്പിക്കുന്നു.
മാധവനാശാന്റെ പുത്രനും വാദ്യകലാകാരനുമായ മുളയംകാവ് അരവിന്ദാക്ഷനാണ് മുഖ്യപരിശീലകന്‍.
കൂറുംകുഴല്‍ വിദ്വാന്‍ കടമ്പൂര്‍ രാജകുമാറിന്റെ ശിക്ഷണത്തില്‍ കുഴല്‍വാദ്യവും കൈയിലിയാട് രാജേഷിന്റെ ശിക്ഷണത്തില്‍ കൊമ്പുവാദ്യവും അരവിന്ദാക്ഷന്റെ കീഴില്‍ തായമ്പകയും പഞ്ചാരിമേളവും പരിശീലിപ്പിച്ചാണ് 50 വിദ്യാര്‍ഥികള്‍ വിജയദശമി നാളില്‍ അരങ്ങേറ്റം കുറിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 10ന് കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രമണിമോഹനന്‍ അരങ്ങേറ്റം ഉദ്ഘാടനം ചെയ്യും. മാധവവാദ്യ വിദ്യാലയം പ്രസിഡന്റ് ടി. പി. കൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

Latest