Connect with us

Wayanad

ഒ പി ജയ്ഷക്ക് മന്ത്രി ജയലക്ഷ്മിയുടെ അഭിനന്ദനം; പുരസ്‌കാരം നല്‍കി ആദരിക്കും

Published

|

Last Updated

കല്‍പ്പറ്റ: ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക് ഇനത്തില്‍ ആദ്യമെഡല്‍ നേടിയ വയനാട്ടുകാരി ഒ.പി. ജയ്ഷക്ക് പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അഭിനന്ദനം.
1500 മീറ്ററില്‍ വെങ്കല മെഡല്‍ നേടിയ ദീര്‍ഘദൂര ഓട്ടക്കാരി മാനന്തവാടി തൃശ്ശിലേരി സ്വദേശിനിയായ ഒ.പി. ജയ്ഷ മലയാളിയുടെ അഭിമാനമാണെന്ന് മന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. ജയ്ഷയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് മന്ത്രി അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 4 മിനിട്ട് 13.46 സെക്കന്‍ഡില്‍ 1500 മീറ്റര്‍ ഫിനിഷ് ചെയ്ത് ജയ്ഷ വെങ്കലമണിഞ്ഞത്. 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്ററിലെ വെങ്കലമായിരുന്നു ഇതുവരെയുള്ള പ്രധാന നേട്ടം. വയനാട്ടില്‍ ജയ്ഷക്ക് സ്വീകരണം ഒരുക്കി പുരസ്‌ക്കാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വളര്‍ന്നുവരുന്ന വയനാട്ടിലെ കായിക താരങ്ങള്‍ക്ക് പ്രോല്‍സാഹനമാണ് ജയ്ഷയുടെ നേട്ടം. അത്‌ലറ്റിക്‌സ് ഇനത്തില്‍ ഇനിയും കൂടുതല്‍ താരങ്ങള്‍ ഉയര്‍ന്നുവരണം. 5000 മീറ്റര്‍ ഇനത്തിലും സുവര്‍ണ്ണ നേട്ടം കൈവരിക്കാന്‍ ജയ്ഷക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.

Latest