Connect with us

International

ഇന്ത്യയിലെ തീവ്രവാദം ഇറക്കുമതി ചെയ്തത്: മോദി

Published

|

Last Updated

ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്തതാണെന്നും രാജ്യത്ത് വളര്‍ന്ന് വന്നതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് അതിര്‍ത്തികളില്ല. തീവ്രവാദത്തില്‍ നല്ലത്, ചീത്ത എന്ന വേര്‍തിരിവുകളില്ല. ഈ ആഗോള വെല്ലുവിളിയെ ഇല്ലാതാക്കാന്‍ ഫലപ്രദമായ യോജിച്ച പോരാട്ടമാണ് വേണ്ടതെന്നും മോദി പറഞ്ഞു.
യു എസില്‍ വിദേശ സമ്പര്‍ക്ക സമിതിയില്‍ സംസാരിക്കുകയായിരുന്നു മോദി. പശ്ചിമേഷ്യയില്‍ മുളച്ചുപൊങ്ങിയ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്നുവരുന്നതില്‍ ഭയമുണ്ടോയെന്ന ചോദ്യത്തിന്, അത്തരം ഭീഷണികളില്ലെന്നും എല്ലാ വിധത്തിലുമുള്ള തീവ്രവാദവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതാണെന്നും മോദി മറുപടി നല്‍കി. അല്‍ഖാഇദ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന ഭീഷണിയെ സംബന്ധിച്ച് “ഇന്ത്യന്‍ മുസ്‌ലിംകള്‍ അല്‍ ഖാഇദക്കെതിരെ പോരാടുമെ”ന്ന മറുപടി മോദി ആവര്‍ത്തിച്ചു.
ബുദ്ധന്‍, മഹാത്മാ ഗാന്ധി തുടങ്ങിയവര്‍ പ്രതിനിധാനം ചെയ്യുന്ന കരുത്തുറ്റ തത്വശാസ്ത്രമാണ് ഇന്ത്യയിലെ എല്ലാ സമുദായങ്ങളെയും നിയന്ത്രിക്കുന്നത്. അഹിംസയാണ് നമ്മുടെ തത്വശാസ്ത്രത്തിന്റെ കാതല്‍. തീവ്രവാദ വെല്ലുവിളി ഗൗരവമായി ഏറ്റെടുക്കേണ്ടത് ആവശ്യമാണ്. മനുഷ്യത്വത്തിന്റെ ശത്രുവായ തീവ്രവാദത്തിന്റെ വൃത്തികെട്ട മുഖം മനസ്സിലാക്കാന്‍ പല രാഷ്ട്രങ്ങള്‍ക്കും സാധിക്കുന്നില്ലെന്നത് ദുഃഖകരമാണ്. രാഷ്ട്രീയത്തിലെ പ്ലസ്, മൈനസുകള്‍ കൊണ്ട് തീവ്രവാദത്തെ അളക്കരുത്. മോദി പറഞ്ഞു.
തീവ്രവാദത്തിനെതിരെ ലോകം ഏകശബ്ദത്തില്‍ പ്രതികരിക്കണം. ഈയടുത്ത് ബന്ദിയെ തലവെട്ടുന്ന ദൃശ്യം ടി വിയിലൂടെ കാണാനായി. ഈ നൂറ്റാണ്ടിലെ മനുഷ്യത്വത്തിനുള്ള വെല്ലുവിളിയാണ് ഇത്. തീവ്രവാദം മനുഷ്യവര്‍ഗത്തിന്റെ ശത്രുവാണ്. മോദി പറഞ്ഞു.