നാലാം ദിനവും തമിഴ്‌നാട്ടില്‍ പ്രതിഷേധം

Posted on: October 1, 2014 12:32 am | Last updated: October 1, 2014 at 12:32 am
SHARE
karthik
ജയലളിതയെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ ചെപ്പോക്കില്‍ സിനിമാ പ്രവര്‍ത്തകരുടെ ഉപവാസത്തില്‍ പങ്കെടുക്കുന്ന നടന്‍മാരായ വിക്രമും കാര്‍ത്തിയും

ചെന്നൈ: ജയലളിത ജയിലിലായി നാല് ദിവസം പിന്നിട്ടിട്ടും എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ തെരുവില്‍ നിന്ന് പിന്‍വാങ്ങിയില്ല. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നൂറ് കണക്കിനാളുകള്‍ പങ്കെടുക്കുന്ന നിരാഹാരവും തുടരുകയാണ്.
ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ നിരാഹാരമിരുന്നു. തിരുച്ചിറപ്പള്ളി, കടലൂര്‍, സേലം, കോയമ്പത്തൂര്‍, കാഞ്ചിപുരം തുടങ്ങിയ ഇടങ്ങളിലും നിരാഹാര സമരം നടക്കുന്നുണ്ട്. ജയലളിതക്കെതിരായ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായതിനാല്‍ ശിക്ഷ റദ്ദ് ചെയ്യണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധ പ്രകടനങ്ങളില്‍ ഡി എം കെക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങുന്നത്. ജനങ്ങളുടെ ‘തലൈവി’യാണ് ജയലളിതയെന്നും അവര്‍ വിജയശ്രീലാളിതയായി തിരിച്ചു വരുമെന്നും അവര്‍ മുദ്രാവാക്യം മുഴക്കി.
ജയലളിതയുടെ ജയില്‍വാസത്തില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് അടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉപവാസം നടത്താനുള്ള സിനിമാ പ്രവര്‍ത്തകരുടെ തീരുമാനം ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്ന് നടനും ആള്‍ ഇന്ത്യാ സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍ പറഞ്ഞു. ജയലളിതയോട് സിനിമാ ലോകത്തിന് ഏറെ കടപ്പാടുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ ഉപവാസമിരിക്കുകയും സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയും ചെയ്തത്.
ശനിയാഴ്ച വിധി വന്നപ്പോള്‍ കണ്ട അക്രമാസക്ത പ്രതികരണങ്ങള്‍ പിന്നീട് ആവര്‍ത്തിക്കുന്നില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കിനാതുകടവ് പോലുള്ള നഗരങ്ങളില്‍ മൗന ജാഥ നടത്തിയാണ് ജയ അനുയായികള്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തിയത്. കറുത്ത ബാഡ്ജ് ധരിച്ചും വായ മൂടിക്കെട്ടിയുമാണ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണി നിരന്നത്. വിവിധ ക്ഷേത്രങ്ങളിലും ഏതാനും ചര്‍ച്ചുകളിലും പ്രത്യേക പ്രാര്‍ഥന നടന്നു. തിരുച്ചിറപ്പള്ളി, കാരൂര്‍, മധുരൈ എന്നിവിടങ്ങളില്‍ ഒരു വിഭാഗം വ്യാപാരികള്‍ ഇന്നലെയും കടകളടച്ചിട്ടു.
അതിനിടെ, ജയലളിത ശിക്ഷിക്കപ്പെട്ട ദിവസം സ്വയം തീ കൊളുത്തിയ പതിനേഴുകാരി മധുരയില്‍ മരിച്ചു. ഏഴുമല സ്വദേശിയായ എം നാഗലക്ഷ്മിയാണ് കുടംബാംഗങ്ങള്‍ സ്ഥലത്തില്ലാത്തപ്പോള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളിത്തിയത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ നാഗലക്ഷ്മിക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. ദിണ്ഡിഗല്‍ ജില്ലയിലെ പ്രധാന പച്ചക്കറി കമ്പോളമായ ഒഡ്ഡന്‍ചത്തിരം ഇന്നലെയും പൂര്‍ണമായി അടഞ്ഞു കിടന്നു. ഈ ദിവസങ്ങളില്‍ ജനനിബിഡമാകാറുള്ള ക്ഷേത്ര നഗരമായ പളനി തീര്‍ത്തും ശൂന്യമായിരുന്നു. കൊഡൈക്കനാലിലും ഇത് തന്നെയാണ് അവസ്ഥ. രാമേശ്വരത്തെയും പരിസര പ്രദേശങ്ങളിലെയും മീന്‍പിടിത്തക്കാര്‍ കടലില്‍ പോകുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ഡി എം കെ മേധാവി കരുണാനിധിയുടെ മണ്ഡലമായ തിരുവാരൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. വിരുദാചലത്തില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here