Connect with us

National

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

Published

|

Last Updated

കൊല്‍ക്കത്ത: ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ ശാസ്ത്ര പ്രൊഫഷനലുകളുടെ സംഘടനയായ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത ഉടലെടുക്കുന്നു. ചില തത്പര കക്ഷികള്‍ കോണ്‍ഗ്രസിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി ജി മാധവന്‍ നായര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെയും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെയും ചില അംഗങ്ങള്‍ അടങ്ങുന്ന ഒരു പ്രത്യേക ഗ്രൂപ്പ് സമാന്തര പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ആരോപണം. 1914ല്‍ കൊല്‍ക്കത്ത ആസ്ഥാനമായാണ് ഇന്ത്യയിലെ ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകളുടെ സംഘടനക്ക് രൂപം നല്‍കിയത്. ഈ വര്‍ഷത്തെ ഭരണ സമിതിയെ കുറിച്ച് ധാരാളം പരാതികള്‍ പല ശാസ്ത്രജ്ഞരും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇസ്‌കയുടെ മുന്‍കാല സാരഥികളായ കൃഷ്ണ കോശിയടക്കമുള്ളവര്‍ നിലവിലെ കൗണ്‍സിലിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
അതേസമയം നാഷനല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റും ബഹിരാകാശ വിഭാഗം മുന്‍ സെക്രട്ടറിയുമായ മാധവന്‍ നായര്‍ കുറച്ച് വര്‍ഷങ്ങളായി ഇസ്‌കയുടെ പ്രവര്‍ത്തനങ്ങളുമായി സഹരിക്കുകയോ ശാസ്ത്ര കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.
കോണ്‍ഗ്രസിലെ അംഗങ്ങളെ തിരഞ്ഞടുക്കുന്നതില്‍ പഴയ രീതികള്‍ മാറ്റുകയും തിരഞ്ഞെടുപ്പിന് പകരം നോമിനേഷന്‍ രീതി കൊണ്ടുവന്നതാണ് പ്രശ്‌നത്തിനുള്ള പ്രധാന കാരണം. കൂടാതെ ശാസ്ത്ര കോണ്‍ഗ്രസില്‍ അംഗത്വം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്തു. ശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നതില്‍ നിന്ന് ഏതെങ്കിലും ശാസ്ത്ര വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് 200 രൂപയടച്ച് മെമ്പര്‍ഷിപ്പ് കരസ്ഥമാക്കാം എന്ന നില വന്നു. ഇനിയും ഈ നിലപാടാണ് തുടരുന്നതെങ്കില്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് കൗണ്‍സില്‍വിരുദ്ധ പക്ഷം തീരുമാനിച്ചത്. മംഗള്‍യാന്‍ അടക്കം ശാസ്ത്ര രംഗത്ത് പുതിയ കണ്ടെത്തലുകള്‍ നടത്തി ലോക ശ്രദ്ധ പിടിച്ച് പറ്റി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിനിടയിലെ പുതിയ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന് തലവേദനയാകും.

Latest