Connect with us

Eranakulam

ആരോഗ്യ ഇന്‍ഷ്വറന്‍സ് പി എഫ് പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കാന്‍ ശ്രമിക്കും: കേന്ദ്ര മന്ത്രി

Published

|

Last Updated

കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (ആര്‍ എസ് ബി വൈ.) പി എഫ് പെന്‍ഷന്‍ അംഗങ്ങള്‍ക്കും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി സിദ്ധേശ്വര. എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ തുക 1000 രൂപയാക്കിയതിന്റെ പ്രഖ്യാപനം കൊച്ചിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ ലഭിക്കുന്ന സമൂഹത്തിലെ അവശ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സൗജന്യമായി വാര്‍ധക്യ കാല ചികിത്സ ലഭ്യമാക്കുന്നതിന് പെന്‍ഷന്‍കാരെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അഭ്യര്‍ഥനയോട് പ്രതികരിച്ചുകൊണ്ടാണ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയത്. ഡല്‍ഹിയിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
സംസ്ഥാനത്ത് നാമമാത്രമായ പെന്‍ഷന്‍ ലഭിച്ചിരുന്ന രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ കൈമാറി. വര്‍ധിപ്പിച്ച പെന്‍ഷന്‍ തുക അടുത്ത മാസം മുതല്‍ പെന്‍ഷണര്‍മാരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു.
തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, ഇ പി എഫ് കേരള റീജനല്‍ കമ്മീഷണര്‍ ആരിഫ് ലൊഹാനി, ജീവനക്കാരുടെ പ്രതിനിധികളായ എം ജെ ജോസഫ്, അഡ്വ. എ എസ് എബി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക ആയിരം രൂപയാക്കുന്നതിനൊപ്പം മറ്റ് പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പെന്‍ഷന്‍ നിര്‍ണയത്തിനുള്ള ഫോര്‍മുല സമഗ്രമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു.

Latest