Connect with us

Kasargod

പി ശശിക്കെതിരായ ലൈംഗിക പീഡനക്കേസ് തള്ളി

Published

|

Last Updated

കാഞ്ഞങ്ങാട്: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍ നല്‍കിയ ഹരജിയില്‍ നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസ് കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഹൊസ്ദുര്‍ഗ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നീലേശ്വരം കാവില്‍ ഭവന്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സമയത്ത് തന്നെ സന്ദര്‍ശിക്കാനെത്തിയ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ നേതാവിന്റെ ഭാര്യയെ പി ശശി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കോടതി ശരിവെക്കുകയുമായിരുന്നു.
പി ശശി തന്നെ അപമാനിച്ചതായി കാണിച്ച് സി പി എം സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇതേകുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നന്ദകുമാര്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി പി ശശിക്കെതിരെ കേസെടുക്കാന്‍ നീലേശ്വരം പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഹരജിയില്‍ പറയുന്നതുപോലെ ശശി യുവതിയെ പീഡിപ്പിച്ചുവെന്നതിന് തെളിവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് നന്ദകുമാറിന്റെ അഭിഭാഷകന്‍ കോടതിയിലെത്തി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ശശിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനോടൊപ്പം യുവതിയുടെയും ശശിയെ ചികിത്സിച്ച പ്രകൃതി ചികിത്സാ ഡോക്ടറുടെയും മൊഴികളുടെ ഫോട്ടോസ്റ്റാസ്റ്റ് കോപ്പികളാണ് ഹാജരാക്കിയതെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്നുമാണ് നന്ദകുമാറിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചത്. ഇക്കാര്യം കോടതി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ യുവതിയുടെ മൊഴിയുടെയും ഡോക്ടറുടെ മൊഴിയുടെയും ഒപ്പുവെച്ച യഥാര്‍ഥ പതിപ്പുകള്‍ കോടതിയില്‍ ഹാജരാക്കി. ഇതില്‍ ശശി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി കേസ് തള്ളിയത്.

Latest