111ന്റെ നിറവില്‍ ലോക മുത്തശ്ശിപ്പട്ടം കാത്ത് കുഞ്ഞന്ന

Posted on: October 1, 2014 12:27 am | Last updated: October 1, 2014 at 12:27 am
SHARE

തൃശൂര്‍: പ്രായത്തിന്റെ ആത്മവിശ്വാസത്തില്‍ ലോകമുത്തശിയാവാനൊരുങ്ങുകയാണ് 111 വയസുള്ള പാറന്നൂരിലെ കുഞ്ഞന്ന. ലോകത്തിലെ ഏറ്റവും പ്രായമുള്ള ആളെന്ന ഖ്യാതിക്കായി ഗിന്നസ് ബുക്കില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് മുത്തശ്ശി.
ഇന്ത്യയില്‍ കുഞ്ഞന്നത്തോളം പ്രായമുള്ള സ്ത്രീകള്‍ ആരുമില്ലെന്നാണ് ഔദ്യോഗിക കണക്ക്. പാറന്നൂര്‍ വാഴപ്പിള്ളി അന്തോണിയുടെയും അച്ചുണ്ണിയുടെയും മകളായ റോസയെന്ന കുഞ്ഞന്നത്തിന് വാര്‍ധക്യത്തിന്റെ ചുളിവുകള്‍ തൊലിയില്‍ പ്രകടമാണെങ്കിലും ഓര്‍മ ശക്തിക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. അവിവാഹിതയായി കുഞ്ഞന്നം പാറന്നൂര്‍ സെന്റ് തോമസ് സ്‌കൂളിലാണ് പഠിച്ചത്.
രണ്ടാം തരം വരെ മാത്രമാണ് പഠിച്ചതെങ്കിലും എഴുത്തും വായനയും അനയാസം തന്നെ. വാഴപ്പിള്ളി അന്തോണിയുടെയും അച്ചുണ്ണിയുടെയും പതിനൊന്നാമത്തെ മകളായി ജനിച്ച കുഞ്ഞന്നത്തിന് നന്നേ ചെറുപ്പത്തിലേ മാതാപിതാക്കളും പിന്നീട് സഹോദരങ്ങളും മരിച്ചു.
അവിവാഹിതയായ ഇവര്‍ സഹോദര പുത്രന്‍ ജോസിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസം. 1903 മെയ് 12നാണ് കുഞ്ഞന്നം ജനിച്ചതെന്ന് എരനല്ലൂര്‍ പള്ളിയിലെ മാമോദിസ രേഖയിലുണ്ട്. മിഠായിയും മധുര പലഹാരങ്ങളും ഏറെ ഇഷ്ടപ്പെടുന്ന കുഞ്ഞന്നം അധികം പുറത്തിറങ്ങാറില്ല. ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണ സാരഥികളും സാമൂഹ്യ പ്രവര്‍ത്തകരും മൂത്തശ്ശിയെ ആദരിക്കാന്‍ പാറന്നൂരിലെ വസതിയിലെത്തി.
മുത്തശ്ശിയെ ആദരിക്കാന്‍ അസി. ഡിസ്ട്രിക് മജിസ്‌ട്രേറ്റ് പി വി അബ്ബാസ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി ലീല, വി ഡി വിന്‍സെന്റ് , സാമൂഹിക പ്രവര്‍ത്തക ത്രേസ്യ, കെ ഡി എസ് ഓഫീസര്‍ പ്രേം രാജ്, കെ കെ ചിത്ര ലേഖ,രവി പനക്കല്‍ തുടങ്ങിയവരാണ് പാറന്നൂരിലെ വസതിയിലെത്തിയത്.