Connect with us

Malappuram

കാലിക്കറ്റിലെ വിവാദ മിനുട്‌സിലെ തീരുമാനങ്ങള്‍: പുനഃപരിശോധിക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്‌

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ കഴിഞ്ഞ രണ്ട് സിന്‍ഡിക്കേറ്റ് യോഗങ്ങളിലെ തീരുമാനങ്ങള്‍ അജന്‍ഡയാക്കി വീണ്ടും തീരുമാനമെടുക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവ്.
ഇതനുസരിച്ച് വിവാദ മിനുട്‌സിലെ തീരുമാനങ്ങള്‍ സിന്‍ഡിക്കേറ്റ് ചേര്‍ന്ന് വീണ്ടും പുനഃപരിശോധിക്കും. കഴിഞ്ഞ ജൂലൈ 19, ആഗസ്റ്റ് 18 തീയതികളില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റിലെ തീരുമാനമാണ് വിവാദമായിരുന്നത്. സിന്‍ഡിക്കേറ്റ് തീരുമാനിക്കാതെ വൈസ്ചാന്‍സിലര്‍ ഏകപക്ഷീയമായി അജന്‍ഡകളെല്ലാം പാസാക്കി തീരുമാനം കൈകൊള്ളുകയായിരുന്നുവെന്നും അതിനാല്‍ ഇത് റദ്ദ് ചെയ്യണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വി സിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്.
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കഴിഞ്ഞ യോഗങ്ങളില്‍ വി സിയെയും പി വി സിയെയും അക്രമിച്ചതും തെറിവിളിച്ചതും യോഗം അലങ്കോലമാക്കിയതും വി സി തന്നെ നേരിട്ട് ഗവര്‍ണറെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അഭിപ്രായ വ്യത്യാസം സര്‍വകലാശാല ഭരണ സ്തംഭനത്തിലേക്ക് നീങ്ങിയതോടെയാണ് ചാന്‍സിലര്‍ ഇടപെട്ടത്.
വിവാദ സിന്‍ഡിക്കേറ്റിലെ മുഴുവന്‍ തീരുമാനങ്ങളും അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് ഭൂരിപക്ഷ പ്രകാരം സര്‍വകലാശാല ആക്ടിനും സ്റ്റാറ്റിയൂട്ടിനും വിധേയമായിട്ടായിരിക്കും തീരുമാനിക്കുക. ഇതിന് വിപരിതമായുള്ള തീരുമാനങ്ങള്‍ ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും വിസിക്ക് നിര്‍ദേശമുണ്ട്.

Latest