അധികാരത്തിലിരുന്ന് അഴിമതി നടത്തുന്നവര്‍ക്ക്ജയലളിതയുടെ അനുഭവം പാഠം: സുധീരന്‍

Posted on: October 1, 2014 12:26 am | Last updated: October 1, 2014 at 12:26 am
SHARE

vm sudheeranആലപ്പുഴ: അധികാരത്തിലിരുന്ന് അഴിമതി നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനുഭവം പാഠമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാര്‍ ശിക്ഷിക്കപ്പെട്ടാല്‍ സഭാംഗത്വം നഷ്ടപ്പെടുമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സിറക്കാനുള്ള യു പി എ സര്‍ക്കാരിന്റെ നീക്കം തടയപ്പെട്ടത് കൊണ്ടുമാത്രമാണ് ജയലളിത അകത്തായത്. ഇതിന് ജനങ്ങള്‍ രാഹുല്‍ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. 18 വര്‍ഷമായി അഴിമതിക്കേസില്‍ കുരുങ്ങിയ ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനവുമായി മൂന്നാം മുന്നണി രൂപവത്കരണത്തിനായി സമീപിച്ച സി പി എം നടപടി അവരുടെ പാപ്പരത്തം വ്യക്തമാക്കുന്നതാണ്. ജയലളിത ആട്ടിപ്പുറത്താക്കിയത് കൊണ്ടുമാത്രമാണിപ്പോള്‍ സി പി എം രക്ഷപ്പെട്ടിരിക്കുന്നത്.
മോദി ഏകാധിപതിയെ പോലെയാണ് ഭരണം നടത്തുന്നത്. ഉദ്യോഗസ്ഥ മേധാവിത്വത്തിലേക്ക് ഭരണം ഏല്‍പ്പിച്ചുകൊടുക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ആസൂത്രണ കമ്മീഷനെ ഏകപക്ഷീയമായി പിരിച്ചുവിട്ട നടപടി ഇതിന് തെളിവാണ്. മന്ത്രാലയങ്ങളില്‍ കയറി വിവര ശേഖരണം നടത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ പോലും മോദി തടയുകയാണ്.
മഹാത്മാഗാന്ധിയുടെ നാട്ടില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന മോദി അമേരിക്കയില്‍ ചെന്ന് ഗാന്ധിജിയുടെ പേര് തെറ്റിച്ചു പറഞ്ഞത് രാഷ്ട്രപിതാവിനോടുള്ള നിന്ദയാണ്. ഗാന്ധി സന്ദേശങ്ങള്‍ക്ക് ലോകമെമ്പാടും പ്രസക്തി വര്‍ധിക്കുമ്പോള്‍ ഈ രീതിയില്‍ പേര് തെറ്റിച്ചു പറഞ്ഞത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.