കേരളത്തെ കാത്തിരിക്കുന്നത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി: മന്ത്രി

Posted on: October 1, 2014 12:25 am | Last updated: October 1, 2014 at 12:25 am
SHARE

ആലപ്പുഴ: വൈദ്യുതി രംഗത്ത് പ്രയാസം നേരിടുകയാണെന്നും രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തെ കാത്തിരിക്കുന്നതെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഉയര്‍ന്ന വിലക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതുമൂലം ഭീമമായ നഷ്ടമുണ്ടെങ്കിലും ലോഡ്‌ഷെഡ്ഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുന്നപ്ര 220 കെ വി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡാമുകളില്‍ വെള്ളം കുറയുകയും വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29ന് 52 ദശലക്ഷം യൂനിറ്റായിരുന്നു പ്രതിദിന ഉപയോഗമെങ്കില്‍ ഈ വര്‍ഷം ഇതേദിവസം 62 ദശലക്ഷം യൂനിറ്റാണ് ഉപയോഗം. ഡാമുകളിലെ ജലനിരപ്പ് സെപ്തംബര്‍ 29ന് 76 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 96 ശതമാനമായിരുന്നു. ജലനിരപ്പില്‍ 20 ശതമാനം കുറവുണ്ട്. കെ എസ് ഇ ബി ക്ക് സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണം.
2012-13ലെ ബാലന്‍സ് ഷീറ്റ് പ്രകാരം വരുമാനത്തിന്റെ 102 ശതമാനം വെളിയില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് ചെലവഴിക്കുന്നത്. ഇതുമൂലം 2900 കോടിയാണ് നഷ്ടമുണ്ടായത്. പ്രതിദിനം 3700 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് വേണ്ടതെങ്കിലും 1700 മെഗാവാട്ട് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കേന്ദ്രത്തില്‍നിന്ന് 1200 മെഗാവാട്ടാണ് ലഭിക്കുന്നത്. 800- 900 മെഗാവാട്ടിന്റെ കമ്മി നേരിടുന്നു. നെയ്‌വേലി, താച്ചര്‍ നിലയങ്ങളില്‍ തകരാറുണ്ടായതിനെത്തുടര്‍ന്ന് കേന്ദ്ര വിഹിതത്തില്‍ 300 മെഗാവാട്ട് കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം 20 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു. കായംകുളത്ത് എന്‍ ടി പി സി യില്‍നിന്ന് 13 രൂപക്കാണ് സര്‍ക്കാര്‍ ഒരു യൂനിറ്റ് വൈദ്യുതി വാങ്ങുന്നത്. കെ എസ് ഇ ബി ഉപയോക്താവില്‍നിന്ന് ഈടാക്കുന്നത് യൂനിറ്റിന് ശരാശരി 4.65 രൂപയാണ്.
വലിയപദ്ധതികള്‍ തുടങ്ങാന്‍ ഇനി അനുമതി കിട്ടില്ല. 700 മെഗാവാട്ടിന്റെ പദ്ധതികള്‍ വനം- പരിസ്ഥിതി അനുമതി ലഭിക്കാതെ കിടക്കുന്നു. പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ ഉപയോഗിച്ച് ഉത്പാദനം വര്‍ധിപ്പിക്കണം. വൈദ്യുതി ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം. പഴയ വയറിംഗ് മാറ്റിയും ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിച്ചും വൈദ്യുതി ലാഭിക്കാം. നഗരസഭകളില്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതി പുരോഗമിക്കുകയാണ്. എറണാകുളത്ത് നടപ്പാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന(ആര്‍ ജി ജി വൈ) പദ്ധതിയിലേക്ക് അപേക്ഷ നല്‍കാനുള്ള തീയതി നവംബര്‍ 15 വരെ നീട്ടിയതായി മന്ത്രി അറിയിച്ചു. പൊതുസമ്മേളനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. ജി. സുധാകരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.