ഹോംങ്കോംഗിലെ തെരുവുകളില്‍ പ്രക്ഷോഭം തുടരുന്നു

Posted on: October 1, 2014 5:21 am | Last updated: October 1, 2014 at 12:21 am
SHARE

ഹോംഗ്‌കോംഗ്:” തിരഞ്ഞെടുപ്പ് പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഹോംഗ്‌കോംഗുകാര്‍ തെരുവില്‍ തുടരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് കഴിഞ്ഞ ദിവസം കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രക്ഷോഭകരോട് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പ്രക്ഷോഭകര്‍ കൂട്ടാക്കിയില്ല.
ചൈനീസ് സര്‍ക്കാര്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അര്‍ധ സ്വതന്ത്ര നഗരത്തിലെ പ്രക്ഷോഭം ബീജിംഗിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. നഗരത്തില്‍ നിന്ന് പോലീസ് പിന്‍വലിഞ്ഞതിനെത്തുടര്‍ന്ന് തിങ്കളാഴ്ച സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. എങ്കിലും ചില ഭാഗങ്ങളില്‍ പോലീസിന്റെ സാന്നിധ്യമുണ്ട്. പോലീസ് വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ചാല്‍ ചെറുക്കാനായി മുഖാവരണങ്ങളും മറ്റുമായാണ് പ്രക്ഷോഭകര്‍ നിലയുറപ്പിച്ചിരിക്കുന്നത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി 2017 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.