ഇസില്‍ തുര്‍ക്കി അതിര്‍ത്തിയിലേക്ക്‌

Posted on: October 1, 2014 5:19 am | Last updated: October 1, 2014 at 12:19 am
SHARE

ദമസ്‌കസ്: ഇസില്‍ തീവ്രവാദികള്‍ തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന സിറിയയിലെ പ്രധാന കുര്‍ദ് നഗരത്തോട് കൂടുതല്‍ അടുത്തു. ഇതേത്തുടര്‍ന്ന് തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ തുര്‍ക്കി അതിര്‍ത്തിയിലുടനീളം സൈനികരെ നിയോഗിച്ചു. കുര്‍ദ് നഗരമായ കൊബാനെയോട് രണ്ട് കിലോമീറ്റര്‍ വരെ ഇസില്‍ സായുധ സംഘം അടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ അതിര്‍ത്തിയിലുടനീളം ടാങ്കുകളും സായുധ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിറിയയില്‍ നിന്നുള്ള ഷെല്ലാക്രമണം തുര്‍ക്കിയിലെ ചില ഗ്രാമങ്ങളിലും എത്തിയിരുന്നു. പതിനഞ്ചോളം ടാങ്കുകള്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇസില്‍ തീവ്രവാദികള്‍ കൊബാനെ നഗരത്തിനകത്തും പുറത്തും ശക്തമായ ഷെല്ലാക്രമണമാണ് നടത്തുന്നത്. എന്നാല്‍ ഇവരെ വേണ്ടപോലെ പ്രതിരോധിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടില്ലെന്ന് കുര്‍ദുകള്‍ ആരോപിക്കുന്നു. അതേസമയം, ഇസിലിനെതിരെയുള്ള നീക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൈനിക കമാന്‍ഡര്‍മാരുടെ യോഗം പ്രധാനമന്ത്രി അടുത്തുതന്നെ വിളിച്ചുകൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറാഖിലും സിറിയയിലും നടക്കുന്ന ഇസില്‍വിരുദ്ധ യുദ്ധത്തില്‍ പങ്കാളികളാകുക, വിദേശ സൈനികര്‍ക്ക് ഇസില്‍ വിരുദ്ധ പോരാട്ടത്തിന് തുര്‍ക്കിയുടെ മണ്ണ് അനുവദിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് തുര്‍ക്കി സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇസിലിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ തങ്ങള്‍ നേരിട്ട് പങ്കെടുക്കില്ലെന്നായിരുന്നു തുര്‍ക്കിയുടെ ആദ്യത്തെ നിലപാട്. നിരവധി സാധാരണക്കാരെയും നയതന്ത്രപ്രതിനിധികളെയും തുര്‍ക്കിയില്‍ നിന്ന് ബന്ദികളാക്കിയതായി നേരത്തെ തുര്‍ക്കി വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, ഇസില്‍ ശക്തികേന്ദ്രങ്ങളില്‍ ഇന്നലെയും അമേരിക്ക വ്യോമാക്രമണം നടത്തി. കൊബാനെക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് വ്യോമാക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ നിരവധി ഇസില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.