2014ന് ശേഷവും യു എസ് ‘സേവനം’തുടരും; അഫ്ഗാന്‍ പുതിയ കരാറില്‍ ഒപ്പ് വെച്ചു

Posted on: October 1, 2014 5:18 am | Last updated: October 1, 2014 at 12:19 am
SHARE

കാബൂള്‍: അമേരിക്കന്‍ സൈനികരെ ദീര്‍ഘകാലം അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ അനുവദിക്കുന്ന കരാറില്‍ പുതിയ പ്രസിഡന്റ് അശ്‌റഫ് ഗനി ഒപ്പ് വെച്ചു. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാന്‍ വിടുമെന്ന് നേരത്തെ ഒബാമ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ കാരണങ്ങളുടെ പേരു പറഞ്ഞ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ദീര്‍ഘകാല സാന്നിധ്യത്തിന് പുതിയ പ്രസിഡന്റ് സമ്മതം നല്‍കുന്നത്. കരാറിനെ ചരിത്രപരമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വിശേഷിപ്പിച്ചത്. അശ്‌റഫ് ഗനിക്ക് മുമ്പ് പ്രസിന്റായിരുന്ന ഹാമിദ് കര്‍സായി അമേരിക്കയുടെ ഈ താത്പര്യത്തെ ശക്തമായി എതിര്‍ത്തിരുന്നു. അമേരിക്കന്‍ ഇടപെടല്‍ നിരവധി സാധാരണക്കാരുടെ മരണത്തിന് ഇടയാക്കുന്നതായും ഈ യുദ്ധം അഫ്ഗാനിസ്ഥാന്റെ താത്പര്യത്തിനല്ലെന്നും മറിച്ച് അമേരിക്കയുടെ താത്പര്യമാണ് ഇതിന് പിന്നിലെന്നും ഹാമിദ് കര്‍സായി തുറന്നടിച്ചു. ഈ നിലപാട് കര്‍സായിയെ അമേരിക്കയുടെ ശത്രുവാക്കിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗനിയെ വിജയിയായ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. പാശ്ചാത്യന്‍ ശക്തികളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഇദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷയാണ് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട കാര്യമെന്നും യുദ്ധത്തില്‍ ഇവിടുത്തെ ജനത തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014ന് ശേഷം 12,000ത്തിലധികം വിദേശ സൈന്യം അഫ്ഗാനില്‍ തുടരുമെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ 9,800 പേരും അമേരിക്കന്‍ സൈനികരായിരിക്കും.
അതേസമയം ഈ കരാറിനെ ശക്തമായി വിമര്‍ശിച്ച താലിബാന്‍. ഇത് അമേരിക്ക തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അഫ്ഗാനിസ്ഥാനെ വരുതിയിലാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.