അധിക അധ്യാപകരുടെ പുനര്‍വിന്യാസ നടപടി ഉടന്‍ പൂര്‍ത്തീകരിക്കും

Posted on: October 1, 2014 5:13 am | Last updated: October 1, 2014 at 12:13 am
SHARE

തിരുവനന്തപുരം: തസ്തിക നിര്‍ണയത്തിന് ശേഷം സംസ്ഥാനത്ത് അധികമുള്ള അധ്യാപകരുടെ പുനര്‍വിന്യാസനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപകസംഘടനകളുടെ യോഗത്തില്‍ തീരുമാനം. എയ്ഡഡ് സ്‌കൂളുകളില്‍ 6,977 പേരും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 650 പേരുമാണ് അധികമുള്ളത്. ഇതിനു ശേഷം എയ്ഡഡ് സ്‌കൂളുകളില്‍നിന്നടക്കം പൊതുവിദ്യാഭ്യാസവകുപ്പ് ശേഖരിച്ച അധികമുള്ള അധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള അധ്യാപകബേങ്ക് ഉടന്‍ നിലവില്‍വരും. വ്യക്തിഗത മാനേജ്‌മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അധ്യാപക ബേങ്കിലേക്ക് മാറ്റേണ്ടവരുടെ വിവരവും ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സമഗ്രമായ അധ്യാപകപാക്കേജായിരിക്കും തയ്യാറാക്കുക. ഇതുസംബന്ധിച്ച്് തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍ദേശം നല്‍കി. അധ്യാപകപാക്കേജ് സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ധനവകുപ്പിന്റെ അനുമതി കൂടി ലഭിച്ചശേഷമായിരിക്കും പുനര്‍വിന്യാസം സംബന്ധിച്ച അന്തിമനടപടികള്‍ സ്വീകരിക്കുക. വരുംദിവസങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധ്യാപകസംഘടനകള്‍ യോഗം ചേരും. പാഠപുസ്തകവിതരണവും പി.ടി.എയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി സൗജന്യ യൂനിഫോം വിതരണനടപടികളും കാര്യക്ഷമമാക്കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തതില്‍ പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പി ഹരഗോവിന്ദന്‍-കെ പി എസ് ടി യു, ടി എസ് സലീം-ജി എസ് ടി യു, കെ എന്‍ സുകുമാരന്‍, എ കെ ഉണ്ണികൃഷ്ണന്‍-കെ എസ് ടി എ, എന്‍ ശ്രീകുമാര്‍-എ കെ എസ് ടി യു, മുസ്തഫ കടമ്പോട്-കെ പി ടി എ, എ കെ അബ്ദുല്‍ഹകീം-കെ എ എച്ച് എസ് ടി എ, പി പ്രദീപന്‍-കെ പി പി എ ച്ച് എ, കെ മോയിന്‍കുട്ടി-കെ എ ടി എഫ്, എ കെ സൈനുദ്ദീന്‍- കെ എസ് ടി യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് അധ്യാപക പാക്കേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാഭ്യാസമന്ത്രി സ്‌കൂള്‍ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി. മാനേജര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഇക്കാര്യങ്ങള്‍ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കാമെന്നും മന്ത്രി യോഗത്തില്‍ മാനേജര്‍മാര്‍ക്ക് ഉറപ്പുനല്‍കി. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്ന നിലയില്‍ നടപ്പാക്കണമെന്നായിരുന്നു പ്രധാനമായും മാനേജര്‍മാര്‍ ഉന്നയിച്ച ആവശ്യം. 2006 മുതല്‍ 2011 വരെ തടസപ്പെടുത്തിയിട്ടുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജില്‍നിന്നും ഒഴിവാക്കുക, സ്‌കൂളുകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ് സമയബന്ധിതമായി വിതരണം ചെയ്യുക, നിലവിലുള്ള അധ്യാപക- വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റംവരുത്തി സ്‌പെഷലിസ്റ്റ് അധ്യാപകരെ നിലനിര്‍ത്തുക, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, 2013- 14 വര്‍ഷം നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, അവധി നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക തുടങ്ങിയ കാര്യങ്ങളും മാനേജര്‍മാര്‍ ഉന്നയിച്ചു. ഇതില്‍ പല കാര്യങ്ങളും നിലവില്‍ മന്ത്രിസഭയുടെ പരിഗണനയിലുള്ളതാണെന്നും ഏറ്റവും വേഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി മറുപടി നല്‍കി. അധ്യാപകനിയമനത്തിനു നോട്ടിഫിക്കേഷന്‍ വേണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാനേജര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. വിവിധ കോര്‍പറേറ്റ് മാനേജ്‌മെന്റുകളെ പ്രതിനിധീകരിച്ച് ചങ്ങനാശേരി അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, ഇടുക്കി രൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസ് കരിവേലില്‍, നാസര്‍ എടരിക്കോട്, വത്സന്‍ മഠത്തില്‍ പങ്കെടുത്തു.
അതേസമയം അധ്യാപകരുടെ ജോലിസ്ഥിരത, അധ്യാപക ബേങ്ക്, പാഠപുസ്തക വിതരണത്തിലെ അപാകത, പാഠ്യപദ്ധതി പരിഷ്‌കരണം, കെ ഇ ആര്‍ ഭേദഗതി എന്നിവയെല്ലാം അജണ്ടയിലുണ്ടായിരുന്നെങ്കിലും ഒന്നിലും തീരുമാനങ്ങളെടുത്തില്ലെന്ന് അധ്യാപക സംഘടനാ പ്രതിനിധികള്‍ പ്രതികരിച്ചു.