Connect with us

Kerala

തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം:നിര്‍ദേശം നടപ്പാക്കാനാകില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ മണ്ഡലങ്ങളില്‍ പത്ത് വര്‍ഷത്തേക്ക് മാറ്റം വരുത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം വരുന്ന തിരഞ്ഞെടുപ്പില്‍ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. സംവരണ സീറ്റുകളിലും സംവരണം ചെയ്യപ്പെട്ട അധ്യക്ഷ സ്ഥാനങ്ങളിലും എല്ലാ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി മാറ്റം വരുത്തണമെന്ന് ഭരണഘടനയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടുത്തവര്‍ഷം സപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഭരണസമിതികളുടെ കാലാവധി 2015 ഒക്‌ടോബര്‍ 31ന് അവസാനിക്കും. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കണം. സംസ്ഥാനത്ത് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാറുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ത്രിതല പഞ്ചായത്തുകളില്‍ അടക്കം അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാകും ഉപയോഗിക്കുക. ത്രിതല പഞ്ചായത്തുകളില്‍ മൂന്ന് വോട്ടിംഗ് യൂനിറ്റും ഒരു കണ്‍ട്രോളിംഗ് യൂനിറ്റും ഉള്‍പ്പെടുന്ന യന്ത്രങ്ങളാകും ക്രമീകരിക്കുക. നിലവിലെ കണക്കനുസരിച്ച് 35000 ഓളം ബൂത്തുകളിലേക്കാണ് ഇലക്‌ട്രോണിക് യന്ത്രം ആവശ്യമായി വരിക. ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിഹിതത്തില്‍ നിന്ന് 100 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് 2010ല്‍ നടന്നത് പോലെ പൂര്‍ണ തോതിലുള്ള വാര്‍ഡ്തല പുനഃസംഘടനക്ക് സാധ്യത കുറവാണെന്ന് കമ്മീഷണര്‍ പറഞ്ഞു. പുനഃസംഘടനയുടെ കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാറാണ്. അതിന് ശേഷം ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ രൂപവത്കരിച്ചാണ് അത് പൂര്‍ത്തീകരിക്കുക. സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest