ബാങ്ക് ഓഫീസര്‍ ചമഞ്ഞ് 40 ലക്ഷം തട്ടിയ ശ്രീലങ്കന്‍ സ്വദേശിയും കുടുംബവും പിടിയില്‍

Posted on: October 1, 2014 5:07 am | Last updated: October 1, 2014 at 12:08 am
SHARE

ഇടുക്കി: ബാങ്ക് ഓഫീസര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിച്ച ശ്രീലങ്കന്‍ സ്വദേശിയും കുടുംബവും പിടിയില്‍. ഇയാളുടെ താമസ സ്ഥലത്ത് നിന്നും എസ്.ബി.ഐ. ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ രേഖകളും, ബാങ്ക് പാസ്ബുക്കുകളും ചെക്കും പതിനാറായിരത്തി എണ്ണൂറ് രൂപയും നാലുപവന്‍ സ്വര്‍ണവും പിടിച്ചെടുത്തു. 2008ല്‍ രണ്ട് മാസത്തെ വിസിറ്റിംഗ് വിസയില്‍ ഇന്‍ഡ്യയിലെത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാതെ കുടുംബവുമൊത്ത് തമിഴനാട്ടിലും തുടര്‍ന്ന് കേരളത്തിലും തങ്ങുകയായാരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ റീജിയണല്‍ ഓഫീസറാണെന്ന വ്യാജേന നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ശ്രീലങ്കന്‍ സ്വദേശി വെങ്കിടസ്വാമി പ്രഭാകരന്‍ (51), ഭാര്യ പി. ശാന്തി, മകള്‍ പ്രശാന്തി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ജോലി വാഗ്ദാനം നല്‍കിയും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാക്കാമെന്ന പേരിലും നാല്പത് ലക്ഷത്തോളം തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. നിലവില്‍ മുപ്പതോളം പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. മുപ്പതിനായിരം രൂപ അടച്ചാ#ാല്‍ മൂന്ന് മാസം കഴിയുമ്പോള്‍ നാലു ലക്ഷം, അറുപതിനായിരത്തിന് എട്ട് ലക്ഷം, ഒരു ലക്ഷത്തിന് ഇരുപത് ലക്ഷം എന്ന കണക്കില്‍ വായ്പ ലഭിക്കുമെന്നും പത്ത് വര്‍ഷം കൊണ്ട് തുക തിരച്ചടച്ചാല്‍ മതിയെന്നുമാണ് ഇടപാടുകാരെ ധരിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ ബാങ്കില്‍ ക്ലര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നാലുപേരില്‍ നിന്നും രണ്ട് ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്.
2008 മെയ് മാസത്തിലാണ് ഇയാളും കുടുംബവും ചെന്നെയില്‍ എത്തിയത്. ഒരു മാസത്തോളം ഇവിടെ ബന്ധു വീട്ടില്‍ കഴിഞ്ഞ ഇയാള്‍ പിന്നീട് മധുരയിലെത്തി വസ്ത്രവിതരണ കമ്പനിയിലെ ജീവനക്കാരനായി. മൂന്ന് വര്‍ഷത്തോളം ഇവിടെ വാടക വീട്ടില്‍ താമസിച്ചു. ഇതിനിടയില്‍ ഐ.ആര്‍.ഡി.എ. ലൈസന്‍സ് സമ്പാദിച്ച് എസ്.ബി.ഐ. ലൈഫില്‍ ജോലിക്ക് പ്രവേശിച്ചു. ഇവിടെ നിന്നും തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലെത്തി ഒരു വര്‍ഷം കഴിഞ്ഞു.
ഇതിനിടയില്‍ വ്യജ രേഖ വഴി തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി. പിന്നീട് കേരളത്തിലെത്തി മൂന്നാറിലും ദേവികുളത്തുമായി താമസിച്ചു. ദേവികുളത്തെ വീടിന്റെ വാടക ചീട്ട് ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സംഘടിപ്പിച്ചു. കുടുംബാംഗങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. ഇടനിലക്കാരുടെ സഹായത്തോടെ മൂന്നാറിലെ പ്രസിദ്ധമായ റിസോര്‍ട്ട് വാങ്ങാനും പദ്ധതിയിട്ടിരുന്നു. ഇതിനിടെ പണം നഷ്ടപ്പെട്ട ആനച്ചാല്‍ സ്വദേശി സുരേന്ദ്രന്‍ നല്‍കിയ പരാതിയെതുടര്‍ന്ന് മൂന്നാര്‍ ഡി.വൈ.എസ്.പി. വി.എന്‍. സജിയുടെ നേതൃത്വത്തില്‍ അടിമാലി സി.ഐ. കെ.ജിനദേവന്‍, വെള്ളത്തൂവല്‍ എസ്.ഐ. കെ.കെ. വിജയകുമാര്‍ എന്നിവരടങ്ങുന്ന സംഘം ഇയാളെ പിടി കൂടുകയായിരുന്നു.