കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടല്‍: കട്ടച്ചല്‍കുഴിയിലെ അധ്യാപകരില്‍നിന്ന് നഷ്ടം ഈടാക്കും

Posted on: October 1, 2014 12:04 am | Last updated: October 1, 2014 at 12:04 am
SHARE

തിരുവനന്തപുരം: ബാലരാമപുരം ഉപജില്ലയിലെ കട്ടച്ചല്‍കുഴി ശ്രീനാരായണ യുപി സ്‌കൂളില്‍ വ്യാജ യു ഐ ഡി പ്രകാരം കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം അധ്യാപകരില്‍നിന്ന് ഈടക്കാന്‍ തീരുമാനം. യു ഐ ഡിയില്‍ കൃത്രിമം നടത്തി കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് അനധികൃതമായി അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതിന് പ്രധാന അധ്യാപിക ഉള്‍പ്പെടെ കട്ടച്ചല്‍കുഴി സ്‌കൂളിലെ 25 അധ്യാപകരെ ജൂലൈ 25ന് ഡി ഡി ഇ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ യു കെ ശ്യാമളയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു കൂട്ട സസ്‌പെന്‍ഷന്‍.
സസ്‌പെന്‍ഷന് ശേഷമുള്ള തുടര്‍ നടപടികളുടെ ഭാഗമായാണ് സര്‍ക്കാരിന് നഷ്ടമായ തുക മുഴുവന്‍ അധ്യാപകരില്‍ നിന്ന് ഈടാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വര്‍ഷങ്ങളായി കൈപ്പറ്റിയ വിവിധ ഗ്രാന്റുകള്‍, സൗജന്യ പാഠപുസ്തകം, യൂനിഫോം എന്നിവയുടെ ബാധ്യത അതാത് വര്‍ഷം ക്ലാസ് ചുമതല വഹിച്ചിരുന്ന അധ്യാപകരില്‍ നിന്ന് ഈടാക്കും. കുട്ടികളുടെ യഥാര്‍ഥ എണ്ണം മറച്ചുവച്ച് കൃത്രിമമായി യു ഐ ഡി രേഖകള്‍ ശേഖരിച്ച് 18 അധ്യാപക തസ്തിക അധികമായി സൃഷ്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. പരമാവധി ഏഴ് അധ്യാപക തസ്തികകളേ ഈ സ്‌കൂളില്‍ നിലനില്‍ക്കൂ. അധികമായി നേടിയെടുത്ത 18 അധ്യാപക തസ്തികകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് വര്‍ഷങ്ങളായി വിതരണം ചെയ്ത ശമ്പള തുക എത്രയെന്ന് നിശ്ചയിച്ച് അത് പ്രധാനാധ്യാപികയുടെ ബാധ്യതയായി നിര്‍ണയിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട് ഉത്തരവിട്ടു. അധിക തസ്തിക സൃഷ്ടിച്ച് അനധികൃതമായി ശമ്പളം വാങ്ങിയ വകയില്‍ കോടികളുടെ നഷ്ടമുണ്ടായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ മാനേജ്‌മെന്റിനെതിരെ നടപടിയൊന്നുമില്ല. അനധികൃത തസ്തികകള്‍ സൃഷ്ടിച്ച് അധ്യാപക നിയമനം നടത്തിയ മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിലപാട്. മാനേജുമെന്റുകള്‍ക്കെതിരെ തുടര്‍ നടപടി കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ്.