Connect with us

Articles

സ്‌കൂളോ പട്ടിക്കൂടോ ?

Published

|

Last Updated

കിടക്കേണ്ടി വന്നത് സഹവിദ്യാര്‍ഥിയുമായി സംസാരിച്ചതിനാണെന്ന് കുട്ടിതന്നെ പറയുന്നു. എല്‍ കെ ജി വിദ്യാര്‍ഥികള്‍ പ്ലേ സ്‌കൂളില്‍ പോകുന്നത് സംസാരിക്കാനും കളിക്കാനുമല്ലേ? എല്‍ കെ ജി പ്രീ- സ്‌കൂളിംഗ് ആണ്, ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുന്നോടിയായ കാലഘട്ടമാണത് എന്ന ബോധം ഈ സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കുമുണ്ടാകണമല്ലോ. അങ്ങനെയെങ്കില്‍ എല്‍ കെ ജി അധ്യാപകര്‍, കുട്ടികളോട് ഇടപഴകേണ്ടതെങ്ങനെ എന്ന പ്രാഥമിക പാഠം പോലും വശമില്ലാത്ത ആരോ ആണ് ഈ കൃത്യം ചെയ്തിരിക്കുന്നത്. ആ അധ്യാപികക്കു ഏറ്റവും അര്‍ഹമായ ശിക്ഷ തന്നെ നല്‍കണം. കാരണം ഇതൊരു കുറ്റകൃത്യമാണ്.
ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ് ഈ കുറ്റകൃത്യം പുറത്തറിയുന്നത്. ഇക്കാര്യം വീട്ടില്‍ പറയാന്‍ കുട്ടിയോ കുട്ടിയുടെ ചേച്ചിയോ ആദ്യം തയ്യാറായില്ല; ഭീഷണി ഭയന്നിട്ട്. പിന്നീട്, സാന്ദര്‍ഭികമായി പുറത്തറിയുകയും മാധ്യമങ്ങളിലൂടെ ഒരു പ്രശ്‌നമായി രൂപാന്തരപ്പെടുകയുമായിരുന്നു. അങ്ങനെയെങ്കില്‍ ഇതൊരു സൂചന മാത്രമാണ്. ഇതിലുമെത്രയോ നീച പ്രവൃത്തികള്‍ നമ്മുടെ സ്വകാര്യ കച്ചവട വിദ്യാലയങ്ങളില്‍ നടക്കുന്നുണ്ടാകണം. തിരിച്ചറിയാന്‍ നാം വൈകിപ്പോകുന്നുവോ?
അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പൊതുവില്‍ അവകാശ ധ്വംസനങ്ങളുടെ നഗ്നകേന്ദ്രങ്ങളാണ്. രാജാവ് നഗ്നനാണ് എന്ന് ഏതെങ്കിലും നിഷ്‌കളങ്കന്‍ വിളിച്ചു പറയുന്നതു വരെ സ്ഥിതി വിപരീത ദിശയിലായിരിക്കുമെന്ന് മാത്രം. ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള ജവഹര്‍ സ്‌കൂളില്‍ കഴിഞ്ഞ കുറേയേറെക്കാലമായി കുട്ടികളോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രെ! എല്ലാം അധ്യാപകരുടെ വിശേഷാധികാര പരിധിയില്‍പ്പെടുന്ന കാര്യങ്ങളാണ് എന്ന വിചാരത്തിലും കുട്ടികളുടെ നന്മയെക്കരുതിയും രക്ഷിതാക്കള്‍ പരാതി പറയുന്നത് ഒഴിവാക്കുക പതിവാണ്. അഥവാ പരാതികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ അവസാനിക്കും. പക്ഷേ, ബാലാവകാശങ്ങള്‍ നഗ്നമായി കാറ്റില്‍പ്പറത്തപ്പെട്ട ഈ സംഭവം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വഴിയാണ് പുറം ലോകമറിയുന്നത്.
ഈ നീചമായ പ്രവൃത്തിയിലേര്‍പ്പെട്ട അധ്യാപിക യഥാര്‍ഥത്തില്‍ ടീച്ചര്‍ തന്നെയോ? ഒരു ടീച്ചര്‍ക്ക് തന്റെ പ്ലേ സ്‌കൂള്‍ കുഞ്ഞിനോട് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ? അവര്‍ യോഗ്യയായ അധ്യാപികയാണോ എന്ന സംശയം ഉയര്‍ന്നു വന്നിരിക്കുന്നു. അക്കാദമികമായ യോഗ്യത മാത്രമല്ല; ഒരു അധ്യാപികയാകാനുള്ള മൂല്യബോധം അവര്‍ ആര്‍ജിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആരാണ് പരിശോധിക്കുക? മുക്കിന് മുക്കിന് സ്വകാര്യ കച്ചവട വിദ്യാലയങ്ങള്‍ക്ക് എന്‍ ഒ സി നല്‍കി അണ്‍എയ്ഡ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറോ?
ഒരു വിദ്യാലയത്തിന് മിനിമം ഉണ്ടായിരിക്കേണ്ട കോമ്പൗണ്ടോ ഭൗതിക സംവിധാനങ്ങളോ ഇല്ലാതെ എത്രയോ അണ്‍എയ്ഡഡ് സ്വകാര്യവിദ്യാലയങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. യോഗ്യരായ അധ്യാപകരോ മെച്ചപ്പെട്ട ക്ലാസ് മുറികളോ കളിസ്ഥലമോ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന ബാല്യങ്ങള്‍ അനേകായിരമുണ്ട്. രാഷ്ട്രീയ പിന്‍ബലത്തില്‍, അമിതസമ്പത്തിന്റെ അഹങ്കാരത്തില്‍, ജീര്‍ണ സംസ്‌കാരം പേറുകയും പ്രസരിപ്പിക്കുകയും ചെയ്തുകൊണ്ട് നിയമവാഴ്ചയെ പോലും വെല്ലുവിളിക്കുന്ന ധിക്കാര മാനേജ്‌മെന്റുകളുടെ മഹാനിരയുള്ള നാടാണല്ലോ കേരളം. അവിടെ വിദ്യാഭ്യാസം പ്രസരിപ്പിക്കുന്ന മൂല്യസംസ്‌കാരങ്ങള്‍ക്ക് സ്ഥാനമില്ല. ശിശു മനഃശാസ്ത്രം എന്തെന്ന് കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്തവരാകണം അവര്‍. സ്‌കൂള്‍ നടത്തിപ്പിന് അവരെ പ്രേരിപ്പിക്കുന്നത് ഒരേയൊരു ലക്ഷ്യം മാത്രം: പരമാവധി ലാഭം. യോഗ്യരായ അധ്യാപകരെ നിയോഗിച്ചാല്‍ മാന്യമായ ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമാകും. അതുകൊണ്ട് അവര്‍ കുറഞ്ഞ കൂലിക്കു ചെലവ് കുറഞ്ഞ മനുഷ്യാധ്വാനത്തെ വിലക്കെടുത്ത് പണിയെടുപ്പിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുമാകാം. സാംസ്‌കാരികമായ നിലവാരവും ശുദ്ധിയും അധ്യാപകര്‍ക്കുണ്ടാകേണ്ട മുന്നുപാധിയാണെന്ന് അവര്‍ സങ്കല്‍പ്പിക്കുക പോലും ചെയ്യുന്നില്ല.
അതുകൊണ്ട്, പിഞ്ചുകുട്ടിയെ പട്ടിക്കൂട്ടില്‍ അടക്കുന്നത് കേമത്തരമാണെന്ന് ചിന്തിക്കുന്നവര്‍ അധ്യാപകരായി വരുന്നു. ആ തെറ്റിനെ ചോദ്യം ചെയ്യാന്‍ സഹ “അധ്യാപകര്‍” തയ്യാറാകുന്നില്ല. നിസ്സഹായരായ കുട്ടികളുടെ നിലവിളികള്‍ ആരും കേള്‍ക്കുന്നുമില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയുമോ? കേരളത്തിലെവിടെയും ഇതോ ഇതിന് സമാനമായതോ ആയ കാര്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. കുട്ടിയെ ബലം പ്രയോഗിച്ച് മുടിമുറിക്കുന്ന സംഭവങ്ങള്‍, അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍, അശ്ലീലമായ മറ്റനേകം കാര്യങ്ങളും. ഈ പ്രതിഭാസത്തിന്റെ മൂലകാരണങ്ങളിലേക്ക് ഇറങ്ങി അന്വേഷിക്കാന്‍ സമയമായിരിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് എല്ലാ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും സന്ദര്‍ശിക്കാനും പ്രശ്‌നങ്ങള്‍ പഠിയ്ക്കാനുമൊക്കെയുള്ള സ്ഥിരം സംവിധാനമുണ്ടാകണം. വന്‍മതിലുകള്‍ കെട്ടി ഉയര്‍ത്തി, മഹാസൗധങ്ങള്‍ പണിത്, വന്‍ തുക ഫീസ് പിരിച്ച് നടത്തപ്പെടുന്ന വിദ്യാലയങ്ങള്‍ക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കുകയും ഫലപ്രദമായി തെറ്റുതിരുത്തലുകള്‍ വരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, മനോനില തെറ്റിയ ഒരു തലമുറയെ തെരുവുകളില്‍ നമുക്ക് കാണേണ്ടി വരും. സാംസ്‌കാരിക ജീര്‍ണതകളുടെ ഈ കാലഘട്ടത്തില്‍ വിശേഷിച്ചും ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രത കാത്തു പുലര്‍ത്തുവാന്‍ പ്രത്യേക ശ്രദ്ധയും നിഷ്‌കര്‍ഷയും പുലര്‍ത്തുക തന്നെ വേണം.

Latest