പടുവളം മദ്യ വില്‍പനശാലക്ക് പൂട്ട് വീണു

Posted on: October 1, 2014 12:36 am | Last updated: September 30, 2014 at 10:36 pm
SHARE

ചെറുവത്തൂര്‍: നിരവധി പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമായ പിലിക്കോട് ദേശീയപാതയിലെ സംസ്ഥാന ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലയായ പടുവളം മദ്യ വില്‍പനശാല ഇന്നലെ വൈകിട്ടോടെ പൂട്ടിയിട്ടു.
സംസ്ഥാനത്തെ അടച്ചുപൂട്ടുന്ന മുപ്പത്തിനാല് മദ്യഷാപ്പുകളുടെ പട്ടികയില്‍പ്പെട്ടതാണ് പടുവളം ഷോപ്പ്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ ഒന്നാം തീയതിയും ഷോപ്പ് അടച്ചിടുമെന്നതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം ഒരു ദിവസം മുമ്പായി നിലവില്‍ വന്നു.
എന്നാല്‍ ഈ മദ്യഷാപ്പ് അടച്ചിടുന്നതുമായി ബന്ധപ്പെട്ട ഒരു സര്‍ക്കാര്‍ ഉത്തരവും ഇതുവരെയായി ലഭിച്ചിട്ടില്ലെന്നാണ് ഒരു ഉയര്‍ന്ന ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ പറഞ്ഞത്.
പത്തുവര്‍ഷത്തോളമായി പടുവളത്ത് മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ അന്നുമുതല്‍ തന്നെ പ്രദേശവാസികള്‍ ആഗ്രഹിച്ചതാണ് ഈ മദ്യഷാപ്പ് ഇവിടെ നിന്ന് നീക്കണമെന്ന്. തൊട്ടടുത്ത് തന്നെ വിദ്യാഭ്യാസ സ്ഥാപനവും ആരാധനാലയവും ഉള്ളതിന് പുറമേ നാട്ടില്‍ എന്നും പ്രശ്‌നങ്ങളും കലഹങ്ങളും മദ്യപശല്യങ്ങളും ഉണ്ടായിക്കൊണ്ടിരുന്നതിനാല്‍ ഇതിനെതിരെ നാട്ടുകാരും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകുളും പ്രതിഷേധവുമായി സമരരംഗത്ത് ഇറങ്ങിയിരുന്നു. സാംസ്‌കാരിക നായകന്മാരും കലാ പ്രവര്‍ത്തകരും സിനിമാ നടന്മാരും ഇതിനെതിരെ രംഗത്തിറങ്ങിയതോടെ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചു. ഈ സ്ഥാപനത്തിനു മുന്നില്‍ സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളുമടങ്ങുന്ന വലിയൊരു വിഭാഗം പന്തല്‍ കെട്ടി സമരം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാറിനും ഈ സ്ഥാപനമൊരു തലവേദനയായി.
എന്നാല്‍ മാസങ്ങളോളം നടന്ന പ്രതിഷേധത്തിനൊടുവില്‍ ലക്ഷ്യം കാണാതെ സമരം പിന്‍വലിക്കുകയായിരുന്നു. ഞാണംകൈയില്‍ പുതിയ ബാര്‍ തുറക്കാന്‍ ചെറുവത്തൂര്‍ പഞ്ചായത്ത് അനുമതി നല്‍കിയതോടെയാണ് പടുവളം മദ്യഷാപ്പിനെതിരെയുള്ള സമരം നിര്‍ത്തലാക്കിയത്. എങ്കിലും ഈ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ പേരില്‍ മൂന്നോളം കേസുകള്‍ നിലവിലുണ്ട്.
വൈകിയാണെങ്കിലും ഈ സ്ഥാപനം പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രദേശത്തെ കുടുംബങ്ങള്‍ ഏറെ ആഹ്ലാദത്തിലാണ്.