ബലിപെരുന്നാള്‍ അവധി; സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം – എസ് എസ് എഫ്

Posted on: September 30, 2014 11:08 pm | Last updated: September 30, 2014 at 11:08 pm
SHARE

ssf flagകോഴിക്കോട്: മുസ്‌ലിംകളുടെ പ്രധാന ആഘോഷ ദിവസമായ ബലിപെരുന്നാളിന് മൂന്ന് ദിവസത്തെ അവധി നല്‍കി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഈ വര്‍ഷവും തുടരുകയാണ്. പെരുന്നാളിന് അതത് വര്‍ഷങ്ങളില്‍ താല്‍കാലിക അവധി പ്രഖ്യാപിക്കുന്നതിന് പകരം പൊതു അവധി പ്രഖ്യാപിക്കണം.

ദൂരസ്ഥലങ്ങളില്‍ പഠനം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നതിന് ഒരു ദിവസം അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളും മറ്റു സാമൂഹിക സംഘടനകളും ഈ വിഷയത്തില്‍ നിരവധി തവണ സര്‍ക്കാറിന് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തതാണ്. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് കൈക്കൊള്ളണമെന്നഭ്യര്‍ത്ഥിച്ച് എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. വര്‍ഷാവര്‍ഷങ്ങളിലും നിലനില്‍ക്കുന്ന അനിശ്ചതത്വം ശാശ്വതമായി പരിഹരിക്കുന്നതിന് സംസ്ഥാനത്ത് മൂന്ന് ദിവസം പൊതു അവധിയാക്കി വിജ്ഞാപനമിറക്കി സര്‍ക്കാര്‍ പൊതുജന താല്‍പര്യത്തിനൊപ്പം നില്‍ക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.