രാജ്യത്തെ സ്ത്രീകളില്‍ മൂന്നിലൊന്ന് അമിതവണ്ണക്കാര്‍

Posted on: September 30, 2014 9:21 pm | Last updated: September 30, 2014 at 9:21 pm
SHARE

SLENDERഅബുദാബി: രാജ്യത്തെ സ്ത്രീകളില്‍ മൂന്നില്‍ ഒന്നും അമിതവണ്ണക്കാരാണെന്ന് സര്‍വേ. മൂന്നില്‍ രണ്ടു ഭാഗവും വ്യായാമങ്ങളില്‍ ഏര്‍പ്പെടാറില്ലെന്നും 5,000 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ ഒരു ഭാഗത്തിനും പരമ്പര്യമായി ഹൃദ്‌രോഗ സാധ്യതയും പകുതി പേര്‍ക്ക് പ്രമേഹ പശ്ചാത്തലവുമുണ്ട്. ചോദ്യാവലി നല്‍കിയാണ് സര്‍വേ നടത്തിയത്. സര്‍വേയുടെ ഭാഗമായി ഹൃദ്‌രോഗ പരിശോധനയും നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത പുകവലി ശീലമാക്കിയവരില്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്.
ക്രമമില്ലാത്ത ഭക്ഷണ രീതി, പുകവലി, വ്യായാമത്തിന്റെ കുറവ് തുടങ്ങിയവയാണ് സ്ത്രീകളെ പൊണ്ണത്തടിയിലേക്ക് നയിക്കുന്നതെന്ന് സര്‍വേയുമായി സഹകരിച്ച അബുദാബിയിലെ ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഹാര്‍ട്ട് ആന്‍ഡ് വാസ്‌ക്യുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തലവന്‍ ഡോ. ടൊമിസഌവ് മിഹാല്‍ജെവിക് വ്യക്തമാക്കി.
സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ഏഴു ശതമാനം മാത്രമാണ് പുകവലിക്കാര്‍. ഒമ്പത് ശതമാനം പ്രമേഹ രോഗികളാണ്. 70 ശതമാനം പ്രമേഹ രോഗികളാണെങ്കിലും മരുന്നിന്റെ സഹായത്താല്‍ രോഗത്തെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. 11 ശതമാനത്തിന് ഉയര്‍ന്ന കൊളസ്‌ട്രോളാണുള്ളത്. പകുതി പേര്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും 43 ശതമാനം സ്ത്രീകള്‍ മരുന്നു കഴിക്കുന്നതായും വ്യാപാര സ്ഥാപനമായ മാജിദ് അല്‍ ഫുതൈമും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു.