Connect with us

Gulf

ശീഷ കടകള്‍ക്കെതിരെ നടപടി ശക്തമാക്കി ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ; ഷോപ്പിംഗ് സെന്ററുകളിലെയും മാളുകളിലെയും ശീഷ കടകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ നഗരസഭ രംഗത്ത്. പുകയില നിയന്ത്രണത്തിനുള്ള 2009 ലെ ഫെഡറല്‍ നിയമത്തിന്റെ ചുവട് പിടിച്ചാണ് നഗരസഭ നടപടി കര്‍ശനമാക്കിയിരിക്കുന്നത്. ഷോപ്പിംഗ് സെന്ററുകളിലും മാളുകളിലും പ്രവര്‍ത്തിക്കുന്ന അകത്തു കൂടി പ്രവേശനമുള്ള ശീഷ കടകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്ന് ദുബൈ നഗരസഭ പൊതുജനാരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ മര്‍വാന്‍ അല്‍ മുഹമ്മദ് വ്യക്തമാക്കി. ശീഷ കട ഉടമകള്‍ക്കൊപ്പം പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും മാനേജര്‍മാരുമായി നഗരസഭ നടത്തിയ കൂടിയാലോചനക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഷോപ്പിംഗ് സെന്ററുകളിലെ അന്തരീക്ഷം മലിനമാക്കാതെ പുറത്തു നിന്നും പ്രവേശിക്കാവുന്ന ശീഷ കടകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പല ഷോപ്പിംഗ് സെന്ററുകളിലും മാളുകളിലും ശീഷ കടകളുടെ പ്രവേശന മാര്‍ഗം അകത്തു കൂടിയാവുന്നതിനാല്‍ കെട്ടിടങ്ങളുടെ ഉള്ളില്‍ അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നത് പതിവാണ്. പുകയിലയില്‍ നിന്നുള്ള പുക ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടിയുമായി നഗരസഭ മുന്നോട്ടു പോകുന്നതെന്നും മര്‍വാന്‍ വിശദീകരിച്ചു.

സെപ്തംബര്‍ അവസാനം വരെയാണ് ഇത്തരം കടകള്‍ അടച്ചു പൂട്ടാനോ പ്രവേശന മാര്‍ഗം മാറ്റി സ്ഥാപിക്കാനോ നഗരസഭ അവസരം നല്‍കിയത്. ഒക്‌ടോബര്‍ ഒന്നു മുതല്‍ നിയമലംഘനം നടത്തുന്ന ഇത്തരം ശീഷ കടകള്‍ അടച്ചു പൂട്ടുകയും 5,000 ദിര്‍ഹം മുതല്‍ മുകളിലോട്ട് പിഴ ചുമത്തുകയും ചെയ്യും. ഷോപ്പിംഗ് മാളുകള്‍ക്ക് പുറത്തു കൂടി പ്രവേശന മാര്‍ഗം സജ്ജമാക്കുകയോ അല്ലെങ്കില്‍ കെട്ടിടത്തിന്റെ ടെറസില്‍ ശീഷ കട സ്ഥാപിക്കുകയോ ചെയ്യുന്നവര്‍ക്കേ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. പുകയില വിരുദ്ധ നിയമ പ്രകാരം ദുബൈയില്‍ ശീഷ കടകള്‍ നടത്തുന്നവര്‍ നഗരസഭയില്‍ നിന്നു പ്രത്യേക അനുമതി വാങ്ങണം. ദുബൈയില്‍ 400 ഓളം ശീഷ കടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭ ഫീല്‍ഡ് സര്‍വേ നടത്തിയിട്ടുണ്ട്. ഇവയില്‍ നല്ലൊരു ശതമാനവും പ്രത്യേക അനുമതിക്ക് ഇതുവരെയും അപേക്ഷിച്ചിട്ടില്ല. അത്തരം സ്ഥാപനങ്ങള്‍ പറ്റുന്നതും വേഗം അനുമതി കരസ്ഥമാക്കാന്‍ ശ്രമിക്കണം.
താമസ മേഖലയില്‍ ശീഷ കടകള്‍ അനുവദിക്കില്ല. താമസ കെട്ടിടത്തില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ശീഷ കടകള്‍ 150 മീറ്റര്‍ അകലം പാലിക്കണം. ആരാധനാലയങ്ങളില്‍ നിന്ന് 100 മീറ്റര്‍ അകലവും പാലിച്ചിരിക്കണം. ശീഷ കടകള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് മാളുകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും ഇത്തരം കടകളെ ലക്ഷ്യമിടുന്നത്. ശീഷ കടകള്‍ ദുബൈയിലെ പ്രധാന വ്യാപാര മേഖലയില്‍ ഉള്‍പ്പെട്ടതാണെന്ന് അറിയാമെന്നും അതിനാലാണ് അവര്‍ക്ക് സമയം അനുവദിച്ചത്. മര്‍വാന്‍ പറഞ്ഞു. ബലി പെരുന്നാള്‍ അവധി അവസാനിച്ചാല്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ശീഷ കടകള്‍ക്കെതിരെ ദുബൈ നഗരസഭ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടിയായി പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

---- facebook comment plugin here -----

Latest