Connect with us

Gulf

ചില്ലറ വില്‍പനക്കാര്‍ 1,500 ഉല്‍പന്നങ്ങളുടെ വില കുറച്ചു

Published

|

Last Updated

അബുദാബി: ബലിപെരുന്നാള്‍ പ്രമാണിച്ച് പ്രമുഖ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ 1,500 ഉല്‍പന്നങ്ങളുടെ വില കുറച്ചു. ഭക്ഷ്യവസ്തുക്കള്‍, ഇലട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് 15 മുതല്‍ 40 ശതമാനം വരെ വില കുറച്ചിരിക്കുന്നത്. 25ന് നിലവില്‍ വന്ന വിലക്കുറവ് ഒക്ടോബര്‍ 10 വരെ തുടരുമെന്ന് സാമ്പത്തിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി വെളിപ്പെടുത്തി. ലുലു ഹൈപര്‍മാര്‍ക്കറ്റ്, കാരേഫോര്‍, അബുദാബി കോഓപറേറ്റീവ് തുടങ്ങിയ സ്ഥാപനങ്ങള്‍ വിലക്കുറവ് പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടും. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിക്കല്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ആ സംരംഭം ചെറിയ തോതിലുള്ളതായിരുന്നുവെന്നും ഇപ്പോള്‍ ചില്ലറ വില്‍പനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് വളരെ വലിയ വിലക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടയില്‍ രാജ്യത്ത് ചെറിയ തോതില്‍ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ടെന്ന് യു എ ഇയുടെ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ വ്യക്തമാക്കി. . ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്ത് ഉപഭോക്തൃ സൂചികയില്‍ 2.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. താമസവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത്, 39 ശതമാനത്തോളം. നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം സസൂക്ഷ്മമായി വകുപ്പ് പരിശോധിച്ചു വരികയാണ്. റോയിട്ടേഴ്‌സ് നടത്തിയ വിശകലത്തിന്റെ അടിസ്ഥാനത്തില്‍ 2009ലായിരുന്നു ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത്. 2013ല്‍ പണപ്പെരുപ്പം 1.1 മാത്രമായിരുന്നു. 2014ല്‍ ഇതുവരെയുള്ള പണപ്പെരുപ്പത്തിന്റെ തോത് 1.9 ശതമാനമായിരുന്നു. 2015 ഇത് അല്‍പം ഉയര്‍ന്ന് 2.5 ശതമാവുമെന്നും റോയിട്ടേഴ്‌സ് സര്‍വേ പ്രവചിക്കുന്നു.

Latest