സ്തനാര്‍ബുദത്തിനെതിരായ പ്രചാരണം അടുത്ത മാസം തുടങ്ങും

Posted on: September 30, 2014 8:08 pm | Last updated: September 30, 2014 at 8:08 pm
SHARE

ദുബൈ: മാരക രോഗമായ സ്തനാര്‍ബുധത്തിനെതിരായുള്ള ബോധവത്ക്കരണ പരിപാടിയായ ജോയ് ആലുക്കാസ് തിങ്ക് പിങ്ക് കാമ്പയിന് അടുത്ത മാസം തുടക്കമാവുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ ഹെല്‍ത്ത് അതോറിറ്റി, സുലേഖ ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ചാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ടെയ്ക്കിംഗ് എ പിങ്ക് പ്ലെഡ്ജ് എന്നതാണ് ബോധവത്ക്കരണത്തിന്റെ മുദ്രാവാക്യം. ഈ വര്‍ഷം രണ്ടു ലക്ഷം പേരിലേക്ക് സ്തനാര്‍ബുദത്തിന് എതിരായ സന്ദേശം എത്തിക്കാനാണ് ജോയ് ആലുക്കാസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്തനാര്‍ബുദത്തിനെതിരായുള്ള പോരാട്ടത്തിലും ബോധവത്ക്കരണത്തിലും ജോയ് ആലുക്കാസ് സുപ്രധാന പങ്കാണ് വഹിക്കുന്നത്.
സ്തനാര്‍ബുദത്തെ അകറ്റി നിര്‍ത്താന്‍ ആവശ്യമായ ബോധവത്ക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 10 രാജ്യങ്ങളിലായി 95 ഔട്ടലെറ്റുകളിലൂടെ സ്തനാര്‍ബുദത്തിന് എതിരായ സന്ദേശം എത്തിക്കുമെന്നും അവര്‍ പറഞ്ഞു. കാമ്പയിന്റെ ഭാഗമായി പിങ്ക് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിടുകയും ചെയ്തു. സെല്‍ഫ് ചെക്ക് സെയ്‌വ് ലൈവ്‌സ് എന്നതാണ് സന്ദേശം.
സ്വയം പരിശോധിച്ച് സ്ത്രീകള്‍ക്ക് തന്നെ രോഗാവസ്ഥ കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രശസ്ത സ്തനാര്‍ബുദ വിദഗ്ധയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറുമായ ഡോ. പമീല മണ്‍സ്റ്റര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മാസത്തില്‍ ഒരിക്കല്‍ സ്തനങ്ങള്‍ സ്വയം പരിശോധിക്കണമെന്നും ഓരോ വര്‍ഷവും വിദഗ്ധ ഡോക്ടറെ കണ്ട് രോഗ സാധ്യതയില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ കണ്ടെത്തിയാല്‍ 95 ശതമാനവും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് ഇതെന്നും ഡോ. പമീല ഓര്‍മിപ്പിച്ചു. ഡി എച്ച് എ ഹെല്‍ത്ത് റെഗുലേഷന്‍ വിഭാഗം അക്ടിംഗ് ഡയറക്ടര്‍ ഡോ. ലൈല അല്‍ മര്‍സൂഖി, ഡോ. ഹാനി സ്ബിറ്റാനി പങ്കെടുത്തു.