Connect with us

Malappuram

രാധാവധം; ബിജു സയനൈഡ് ആവശ്യപ്പെട്ടിരുന്നതായി സാക്ഷി മൊഴി

Published

|

Last Updated

മഞ്ചേരി: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ രാധയെ പല തവണ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നതായി സാക്ഷിമൊഴി. നാലു ദിവസത്തിന് ശേഷം ഇന്നലെ നാലു സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. സ്വര്‍ണ്ണ പണിക്കാരില്‍ നിന്ന് ഒന്നാം പ്രതി ബിജു പലതവണ സയനൈഡ് ആവശ്യപ്പെട്ടിരുന്നതായി സാക്ഷികള്‍ കോടതിയില്‍ പറഞ്ഞു.
പട്ടിശല്യം ഒഴിവാക്കാനായി സയനൈഡ് വേണമെന്ന് ആവശ്യപ്പെട്ട് ഒന്നര വര്‍ഷം മുമ്പ് ബിജു തന്നെ സമീപിച്ചിരുന്നതായി സ്വര്‍ണ്ണപ്പണിക്കാരന്‍ കരുളായി സ്വദേശി മോഹനന്‍ കോടതിയില്‍ മൊഴിനല്‍കി. പലതവണ ആവശ്യപ്പെട്ടപ്പോള്‍ തന്റെ സുഹൃത്ത് മനോജില്‍നിന്ന് വാങ്ങി നല്‍കിയെന്നും ഇതു നഷ്ടപ്പെട്ടെന്നു പറഞ്ഞ് വീണ്ടും തന്നെ സമീപിച്ചപ്പോള്‍ സുഹൃത്ത് സുന്ദരനുമായി ബന്ധപ്പെടുത്തിക്കൊടുക്കുകയായിരുന്നു എന്നും മോഹനന്‍ മൊഴിനല്‍കി. ബിജു സയനൈഡ് പലതവണ ആവശ്യപ്പെട്ടപ്പോള്‍ സ്വര്‍ണ്ണം പോളിഷ് ചെയ്യുന്ന കട്ട നല്‍കിയതായി സ്വര്‍ണ്ണപ്പണിക്കാരന്‍ പാതാക്കര മനോജ് മൊഴിനല്‍കി.
ഒന്നര വര്‍ഷം മുമ്പ് ബിജു തന്നോട് സയനൈഡ് ആവശ്യപ്പെട്ട് പലതവണ ശല്യംചെയ്തപ്പോള്‍ സ്വര്‍ണ്ണം വെല്‍ഡ്‌ചെയ്യാന്‍ ഉപയോഗിക്കുന്ന നവസാരം നല്‍കിയിരുന്നെന്ന് സ്വര്‍ണ്ണപ്പണിക്കാരന്‍ സുന്ദരനും കോടതിയില്‍ മൊഴിനല്‍കി. ചായക്കടക്കാരന്‍ സന്തോഷിനെയും തിങ്കളാഴ്ച വിസ്തരിച്ചു. ഒരുദിവസം തന്നെ കോണ്‍ഗ്രസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി രാധയുടെ ശല്യം സഹിക്കാന്‍ വയ്യെന്നും കൈയും കാലും ഒടിച്ചിടണമെന്നും ബിജു ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഒഴിഞ്ഞുമാറിയെന്നും പിന്നീട് തന്നെയും സുഹൃത്ത് ഫാസിലിനെയും കാറില്‍കയറ്റി കൊണ്ടുപോയി മൊബൈലില്‍ രാധയുടെ ചിത്രം കാണിച്ച് കൈയും കാലും ഒടിക്കണമെന്നാവശ്യപ്പെട്ട് ആയിരം രൂപയും ആള്‍ട്ടോ കാറിന്റെ ചാവിയും നല്‍കി. എന്നാല്‍ കാറുമായി താന്‍ തമിഴ്‌നാട്ടിലേക്ക് പോയി. പിറ്റേദിവസം ചാവി തിരിച്ചേല്‍പ്പിക്കുകയായിരുന്നെന്നും സുന്ദരന്‍ മൊഴി നല്‍കി.

 

Latest