ജില്ലയില്‍ ബേങ്ക് നിക്ഷേപത്തില്‍ 36.67 ശതമാനം വര്‍ധനവ്

Posted on: September 30, 2014 11:02 am | Last updated: September 30, 2014 at 11:02 am
SHARE

rupeeമലപ്പുറം: ജില്ലയിലെ ബേങ്കുകളിലെ മൊത്തം നിക്ഷേപത്തില്‍ 2014-15 ആദ്യ പാദത്തിലെ വായ്പാ പദ്ധതി നടത്തിപ്പില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി ജില്ലാതല ബേങ്കിങ് അവലോകന സമിതി. വിദേശ നിക്ഷേപത്തിലും 4.26 ശതമാനം (207 കോടിയുടെ രൂപയുടെ) വര്‍ധനവുണ്ടായി. 2014 ഏപ്രില്‍, മെയ്, ജൂണ്‍ മാസ കണക്കാണിത്.
ജില്ലയിലെ വായ്പാ-നിക്ഷേപ തോത് 59 ശതമാനം രേഖപ്പെടുത്തി. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തേക്കാള്‍ 11 ശതമാനം കുറഞ്ഞതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. മുന്‍ഗണനാ മേഖലയില്‍ 24 ശതമാനം കൈവരിച്ചു. കാര്‍ഷിക മേഖലയില്‍ 27 ശതമാനവും ചെറുകിട വ്യവസായ മേഖലയില്‍ എട്ട് ശതമാനവും സേവന മേഖലയില്‍ 94 ശതമാനവും നേട്ടം കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ ബേങ്കിങ് സേവനമില്ലാത്ത എല്ലാ പഞ്ചായത്തുകളിലും ബേങ്കിംഗ് ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രധാനമന്ത്രിയുടെ ‘ജന്‍ ധന്‍’ പദ്ധതി നടപ്പാക്കുന്നതിന് ബേങ്കുകള്‍ക്ക് അനുവദിച്ചിട്ടുള്ള വാര്‍ഡുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും അക്കൗണ്ടുകള്‍ ഉറപ്പുവരുത്തി 10 ദിവസത്തിനകം സര്‍വെ പൂര്‍ത്തിയാക്കുവാനും യോഗം നിര്‍ദേശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 15 ശതമാനമെങ്കിലും വായ്പ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും ജില്ലയില്‍ 80 ശതമാനം വായ്പ അനുവദിച്ചിട്ടുണ്ട്.
ബേങ്കിംഗ് ഇടപാടുകളും വായ്പകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനും സഹായത്തിനുമായി നിലവില്‍ 13 ബ്ലോക്കുകളില്‍ ഫിനാന്‍ഷല്‍ ലിറ്ററസി സെന്ററുകള്‍ സൗജന്യ സേവനം നല്‍കുന്നുണ്ട്. ബാക്കിയുള്ള അരീക്കോട്, വേങ്ങര ബ്ലോക്കുകളില്‍ ഉടന്‍ എഫ് എല്‍ സികള്‍ തുടങ്ങുമെന്നും യോഗം അറിയിച്ചു. എ ഡി എം. എം ടി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കനറാ ബേങ്ക് അസി. ജനറല്‍ മാനേജര്‍ കെ രാമചന്ദ്രന്‍, നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് മാനേജര്‍ കെ പി പത്മകുമാര്‍, ലീഡ് ഡിസ്ട്രിക്റ്റ് ബേങ്ക് മാനേജര്‍ കെ അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ സാമ്പത്തിക വര്‍ഷത്തെ ഡിസ്ട്രിക്റ്റ് പ്ലാന്‍ ബുക്ക്‌ലെറ്റ് എ ഡി എം. പ്രകാശനം ചെയ്തു.