Connect with us

Malappuram

സര്‍ക്കാര്‍ നഴ്‌സുമാര്‍ നാളെ മുതല്‍ നിസഹകരണ സമരത്തിലേക്ക്

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ രോഗികള്‍ക്ക് അനുപാതികമായി നഴ്‌സുമാരെ നിയമിക്കുക, ശമ്പളം ലഭിക്കാത്ത നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കുക, നഴ്‌സിംഗ് ഇതര ജീവനക്കാരുടെ കുറവ് പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ നാളെ മുതല്‍ ആശുപത്രികളില്‍ നിസഹകരണ സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രികളിലെ ഫയല്‍ വര്‍ക്കുകളില്‍ നിന്നാണ് ആദ്യ ഘട്ടത്തില്‍ നഴ്‌സുമാര്‍ മാറി നില്‍കുക. തുടര്‍ന്ന് ഒക്‌ടോബര്‍ 15 ന് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ ക്യാഷ്വാലിറ്റി, ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, ഐ സി യു എന്നിവയെ ഒഴിവാക്കി നഴ്‌സുമാര്‍ ജോലിയില്‍ നിന്ന് കൂട്ട അവധിയെടുക്കും. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡമനുസരിച്ച് നാല് രോഗിക്ക് ഒരു ഒരു നഴ്‌സ് എന്ന അനുപാതത്തിന് പകരം ജില്ലയില്‍ 60:1 എന്ന നിലയിലാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. ഇത് കാരണം രോഗികളെ കൃത്യമായി പരിചരിക്കാന്‍ നഴ്‌സുമാര്‍ക്ക് കഴിയുന്നില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ജില്ലയിലെ അംഗീകരിച്ച കിടക്കളുടെ എണ്ണം 2,245 ആണെങ്കിലും നിലവില്‍ 3000ലധിമായി ഉയര്‍ന്നിട്ടുണ്ടെന്നും ഡയാലിസിസ് യൂനിറ്റ്, പെയിന്‍ ആന്റ് പാലിയേറ്റീവ് യൂനിറ്റ്, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, കാഷ്യാലിറ്റി, ഐ സി യു, ന്യൂബോണ്‍ ഐ സി യു, എന്നിവിടങ്ങളിലെല്ലാം പഴയ നഴ്‌സിംഗ് തസ്തിക ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഇക്കാരണത്താല്‍ നഴ്‌സുമാര്‍ക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നതായും മാനസിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പി എസ് സി വഴി ജില്ലയില്‍ പുതുതായി 135 നഴ്‌സിംഗ് തസ്തിക സൃഷ്ടിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ ജി എന്‍ എ സംസ്ഥാന കമ്മിറ്റി അംഗം സി ടി നുസൈബ, ജില്ലാസെക്രട്ടറി പ്രതീഷ്, പ്രസിഡന്റ് പുഷ്പതല, ടഷറര്‍ രതീഷ് ബാബു, ജില്ലാകമ്മിറ്റി അംഗം ടി പി ഷാജി പങ്കെടുത്തു.

Latest