വടകരയിലെ വൃക്കരോഗങ്ങള്‍ക്ക് കാരണം വിഷം കലര്‍ന്ന പച്ചക്കറിയെന്ന് എം എല്‍ എ

Posted on: September 30, 2014 10:49 am | Last updated: September 30, 2014 at 10:49 am
SHARE

കോഴിക്കോട്: വിഷാംശം കലര്‍ന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നതു കൊണ്ടാണ് വടകരയില്‍ വൃക്കരോഗികള്‍ കൂടുന്നതെന്ന് സി നാണു എം എല്‍ എ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്കരോഗികളുള്ളത് വടകരയിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വടകര നിയോജക മണ്ഡലത്തിലെ സമഗ്ര വികസന ശില്‍പ്പശാല കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ച മൂന്ന് കോടി രൂപ മുടക്കി വടകരയില്‍ ദിവസേന 40 പേര്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കിയിട്ടുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്താനുതകുന്ന വിദ്യാഭ്യാസ പരിഷ്‌കരണ നടപടികള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏര്‍പ്പെടുത്തും.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തും. 2030 ആകുമ്പോഴേക്കും വടകരയുടെ മുഖച്ഛായ മാറുന്ന വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ തുടക്കം കുറിക്കുമെന്നും നാണു പറഞ്ഞു.
കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയറക്ടര്‍ ഡോ. പീറ്റര്‍ എം രാജ്, കില അസിസ്റ്റന്റ് ഡയറക്ടര്‍ കെ എം സലിം, കോര്‍ഡിനേറ്റര്‍ പി വി രാമകൃഷ്ണന്‍ പ്രസംഗിച്ചു.