മോദിയുടെ ശ്രമങ്ങള്‍ പാഴാകുന്നു; അമേരിക്കന്‍ ബിസിനസ് സമൂഹം ഇന്ത്യയില്‍ ബിസിനസ് ചെയ്യാനില്ല

Posted on: September 30, 2014 9:34 am | Last updated: September 30, 2014 at 9:34 am
SHARE

modiവാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: മേക് ഇന്‍ ഇന്ത്യ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികവും അനൗദ്യോഗികവുമായ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും അമേരിക്കന്‍ ബിസിനസ് സമൂഹത്തിന് ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിനോട് തണുത്ത പ്രതികരണമെന്ന് റിപ്പോര്‍ട്ട്. യു എസിലെ പകുതി എക്‌സിക്യൂട്ടീവുകള്‍ക്കും ഇന്ത്യയില്‍ വരാന്‍ താത്പര്യമില്ലെന്നാണ് അഗോള ബിസിനസ് തന്ത്ര സ്ഥാപനമായ എ പി സി ഒ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയിലെ അപര്യാപ്തതയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അലയന്‍സ് ഓഫ് യു എസ്- ഇന്ത്യ ബിസിനസുമായി വളരെ അടുത്ത ബന്ധമുള്ള കമ്പനിയാണ് ആപ്‌കോ. ഇരു രാജ്യങ്ങളിലെയും ബിസിനസ് പ്രമുഖര്‍ ആഗ്രഹിക്കുന്നത് നയതന്ത്ര ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെന്നാണ്. ഇന്ത്യയില്‍ വലിയ സാധ്യതകള്‍ ഉണ്ട്. പക്ഷേ അവ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം ഒരുങ്ങേണ്ടതുണ്ട്. ഇപ്പോള്‍ അതിനുള്ള അര്‍ഥപൂര്‍ണമായ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ബിസിനസ് പ്രമുഖര്‍ കരുതുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
അടിസ്ഥാന സൗകര്യ മേഖലയിലുള്ള മുന്നേറ്റത്തിനാണ് ഇന്ത്യ മുന്തിയ പരിഗണന നല്‍കേണ്ടതെന്നും സര്‍വേയില്‍ പങ്കെടുത്ത തൊണ്ണൂറ്റഞ്ച് ശതമാനം പേരും പറയുന്നു. താരിഫ് നിരക്കുകള്‍ കുറയുകയും വേണമെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.