Connect with us

International

സിദ്ധാന്തങ്ങള്‍ക്ക് പ്രയോഗം തേടിയ നേതാവ്

Published

|

Last Updated

കാബൂള്‍: പതിമൂന്ന് വര്‍ഷത്തെ കര്‍സായി ഭരണത്തിന് ശേഷം അഫ്ഗാനില്‍ പുതുതായി ചുമതലയേറ്റ പ്രസിഡന്റ് അശ്‌റഫ് ഗനി രാഷ്ട്രീയ ലോകത്ത് മാത്രമല്ല സാമ്പത്തിക ലോകത്തും അറിയപ്പെടുന്ന വ്യക്തിത്വമാണ്. ന്യൂയോര്‍ക്കിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയത്. ഗനി 1991 മുതല്‍ ലോക ബേങ്കിലും സേവനം ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ രോഗിയായ അശ്‌റഫ് ഗനിയുടെ കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. 2002ലെ ഹാമിദ് കര്‍സായി മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത അനുഭവസമ്പത്തുമായാണ് ഗനി പ്രസിഡന്റ്പദത്തിലേറുന്നത്.
സാമ്പത്തിക ശാസ്ത്ര രംഗത്ത് ഏറെ പ്രശസ്തി പിടിച്ച് പറ്റിയ ഗനി കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. പുതിയ കറന്‍സിയിറക്കി രാജ്യത്ത് സാമ്പത്തിക വിപ്ലവത്തിന് അദ്ദേഹം ശ്രമിച്ചു. താന്‍ പഠിച്ച സിദ്ധാന്തങ്ങള്‍ക്ക് പ്രായോഗികത കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. നികുതി ഘടനയും സമൂലമായി പരിഷ്‌കരിച്ചു. ഈ പരിഷ്‌കാരങ്ങള്‍ അഫ്ഗാന്റെ സാമ്പത്തിക മേഖലക്ക് പുത്തനുണര്‍വ് നല്‍കിയെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
2005ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌റ്റേറ്റ് ഇഫക്ടീവ്‌നെസ്സ് സ്ഥാപിക്കുന്നതില്‍ അശ്‌റഫ് ഗനി നിര്‍ണായക പങ്ക് വഹിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നിയമ നിര്‍ദേശം നല്‍കുന്നതിന് സ്ഥാപിതമായ കമ്മീഷന്‍ ഓണ്‍ ലീഗല്‍ എംപവര്‍മെന്റ് ഓഫ് ദി പുവറിന്റെയും നേതൃസ്ഥാനം വഹിച്ചു. 2009ലെ പ്രിഡന്റ് തിരഞ്ഞെടുപ്പില്‍ അശ്‌റഫ് ഗനി മത്സരിച്ചെങ്കിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിന് പുറമേ വിവിധ യൂനിവേഴ്‌സിറ്റികളിലായി കള്‍ച്ചറല്‍ ആന്ത്രപോളജി, നിയമം തുടങ്ങിയവയില്‍ അഗാധ പഠനം നടത്തി. നിരവധി സര്‍വകാലാശാലകളില്‍ അധ്യാപകനാണ്. ഏറെക്കാലം യു എന്‍ ഏജന്‍സികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ ചന്‍സിലറായി വിരമിച്ച ശേഷമാണ് 2009ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. പഠന കാലത്ത് പരിചയപ്പെട്ട റൗളയാണ് ഗനിയുടെ ഭാര്യ. 65കാരനായ ഗനിക്ക് രണ്ട് മക്കളുണ്ട്. ഇഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ നേതാവായ അശ്‌റഫ് ഗനി അഹമ്മദ്‌സായി ഗോത്രത്തിലെ പഷ്തൂണ്‍ വിഭാഗക്കാരനാണ്.