അഫ്ഗാനില്‍ അശ്‌റഫ് ഗനി ചുമതലയേറ്റു

Posted on: September 30, 2014 12:21 am | Last updated: September 30, 2014 at 12:21 am
SHARE

ashraf ghaniകാബൂള്‍: സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനെ പുതിയ പ്രഭാതത്തിലേക്ക് നയിക്കുകയെന്ന ഉത്തരവാദിത്വവുമായി മുന്‍ ധനമന്ത്രി അശ്‌റഫ് ഗനി രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഹാമിദ് കര്‍സായി അദ്ദേഹത്തിന് അധികാരം കൈമാറി. 2001ല്‍ യു എസ് അധിനിവേശം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഒരു പ്രസിഡന്റ് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്നത്. ആദ്യ ഘട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തത് കൊണ്ട് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയ തിരഞ്ഞെടുപ്പില്‍ അബ്ദുല്ലാ അബ്ദുല്ലയായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് അബ്ദുല്ല അബ്ദുല്ല രംഗത്തെത്തിയതോടെ മാസങ്ങള്‍ അനിശ്ചിത്വത്തിലായിരുന്നു രാജ്യം. ഇതേതുടര്‍ന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സംഘം ഇടപെടുകയായിരുന്നു. ഒടുവില്‍ അധികാര വിഭജന കരാറില്‍ ഇരുവരും എത്തിച്ചേര്‍ന്നതോടെയാണ് പ്രതിസന്ധിക്ക് അറുതിയായത്. ജൂണ്‍ 14നായിരുന്നു തിരഞ്ഞെടുപ്പ്.
ഞാന്‍ നിങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തനോ ഉത്കൃഷ്ടനോ അല്ല. ഞാന്‍ എന്തെങ്കിലും നല്ലത് ചെയ്താല്‍ നിങ്ങള്‍ എന്നെ പിന്തുണക്കുക. ഞാന്‍ തെറ്റു ചെയ്താല്‍ നിങ്ങള്‍ എന്നെ തിരുത്തണം- സത്യപ്രതിജ്ഞക്ക് ശേഷം അശ്‌റഫ് ഗനി പറഞ്ഞു. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തയുടന്‍ മുന്‍ നിശ്ചയപ്രകാരം അബ്ദുല്ലാ അബ്ദുല്ലാ രാജ്യത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവായി ചുമതയേറ്റു. അധികാര വിഭജന കരാറിന്റെ ഭാഗമായി നിലവില്‍ വന്ന പുതിയ തസ്തികയാണ് ചീഫ് എക്‌സിക്യൂട്ടീവ്. പ്രധാനമന്ത്രിക്ക് സമാനമായ പദവിയാണിത്.
സമ്പദ്‌വ്യവസ്ഥ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് മുന്‍ സാമ്പത്തിക വിദഗ്ധനും മുന്‍ നയതന്ത്ര വിദഗ്ധനും രാജ്യത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്. താലിബാന്‍ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ വന്‍ തോതില്‍ ശക്തി സംഭരിക്കുന്നുമുണ്ട്. വിദേശ സഹായം ഏറെക്കുറെ പൂര്‍ണമായി സ്തംഭിക്കപ്പെട്ടിരിക്കുകയാണ്. സിവിലിയന്‍ ഭരണകൂടത്തിന് ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് കാത്തിരിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഹാമിദ് കര്‍സായി തന്റെ ഭരണ കാലത്തിന്റെ ഏറിയ പങ്കും അമേരിക്കന്‍ വിധേയനായിരുന്നുവെങ്കില്‍ അവസാന ഘട്ടത്തില്‍ യു എസുമായി നല്ല ബന്ധത്തിലായിരുന്നില്ല. പുതിയ ഭരണാധികാരികളോട് യു എസിന്റെ സമീപനം എങ്ങനെയായിരിക്കുമെന്നത് നിര്‍ണായകമായിരിക്കും.
‘ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന സമാധാനം സ്ഥാപിക്കാന്‍ നാം കിണഞ്ഞ് പരിശ്രമിച്ചു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ആ ലക്ഷ്യത്തിലെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. പക്ഷേ ആത്യന്തികമായി സമാധാനം പുലരുക തന്നെ ചെയ്യും’- ഹാമിദ് കര്‍സായി വിടവാങ്ങല്‍ പ്രഭാഷണത്തില്‍ പറഞ്ഞു.