ഒക്‌ടോബര്‍ രണ്ടിന് നഗരസഭകളില്‍ പ്ലാസ്റ്റിക്ക് ശേഖരണ ദിനം

Posted on: September 30, 2014 12:14 am | Last updated: September 30, 2014 at 12:14 am
SHARE

plastic wasteതിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളില്‍ ഗാന്ധിജയന്തി ദിനം പ്ലാസ്റ്റിക് ശേഖരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതായി നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ എട്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. നഗരസഭകളില്‍ വാര്‍ഡ് തലം മുതല്‍ മുനിസിപ്പല്‍ തലം വരെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കിലോക്ക് രണ്ട് രൂപ നല്‍കി ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മിക്ക നഗരസഭകളിലും സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ നഗരങ്ങളിലെ പ്രധാന വെല്ലുവിളി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. വീടുകള്‍ മുതല്‍ നഗരങ്ങള്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരും പങ്കാളികളാകും.
സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ എം എല്‍ എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്ലാസ്റ്റിക് ശേഖരണം നടക്കും. വാര്‍ഡുതലത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നഗരസഭയിലെ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കും. തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ നഗരസഭകളില്‍ നിന്ന് ശാസ്ത്രീയമായി റീ സൈക്ലിംഗ് ചെയ്യുന്ന ഏജന്‍സിക്ക് കൈമാറും. പ്ലാസ്റ്റിക് ശേഖരണ ദിനാചരണത്തിന്റെ ചെലവുകള്‍ക്കായി നഗരസഭകള്‍ക്ക് 2000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. 1000 രൂപ നഗരസഭകളുടെ തനത് ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ അനുമതി നല്‍കി. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി 40 മൈക്രോണിലധികം കട്ടിയുള്ള ക്യാരി ബാഗുകള്‍ നഗരസഭകളില്‍ എത്തിച്ചിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍നിന്നും പദ്ധതിക്ക് പിന്തുണ അറിയിച്ചതായും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും പ്രധാനപ്പെട്ട മുനിസിപ്പാലിറ്റികളിലും പ്ലാസ്റ്റിക് പ്രോസസിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇതനുസരിച്ച് സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്റ്റിക് പ്രോസസിംഗ് പ്ലാന്റ് കൊച്ചിയില്‍ അടുത്തമാസം ഒമ്പതിന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും പ്ലാന്റുകള്‍ സ്ഥാപിക്കും. പ്രതിദിനം അഞ്ച് ടണ്‍ പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിന് ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. അഴുക്ക് നിറഞ്ഞതും നിലവില്‍ ഉപയോഗശൂന്യമായി റോഡുകളിലും പരിസരത്തും കുമിഞ്ഞുകൂടിയതുമായ 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ കഴുകി വൃത്തിയാക്കി അഞ്ച് എം എം സൈസില്‍ ചിപ്പുകളാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഈ പ്ലാന്റില്‍ ചെയ്യുന്നത്. കൂടാതെ വെള്ളക്കുപ്പികള്‍, ചെരിപ്പ്, ബാഗ് തുടങ്ങിയവയെ ഹൈഡ്രോളിക് സംവിധാനത്തിലൂടെ ബെയ്‌ലിംഗ് ചെയ്ത് ഉപയോഗ പ്രദമാവുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്ന സംവിധാനവും ഈ പ്ലാന്റിലുണ്ട്. സംസ്ഥാനത്തെ ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. അടുത്ത മാസം 15 മുതല്‍ കിലോക്ക് അഞ്ച് രൂപ നിരക്കില്‍ ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്യൂബ് ലൈറ്റ്, സി എഫ് എല്‍ തുടങ്ങിയവയും ശേഖരിക്കും. കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അടുത്ത മാസാവസാനം കൊച്ചിയില്‍ ആരംഭിക്കും. നഗരസഭകളില്‍ ഉണ്ടാവുന്ന ബയോവേസ്റ്റുകളില്‍ നിന്ന് കംപ്രസ്ഡ് നാച്വറല്‍ഗ്യാസ് (സി എന്‍ ജി) ഉത്പാദിപ്പിച്ച് സിലിണ്ടറുകളിലാക്കി വീടുകളിലും മറ്റും വിതരണം ചെയ്യുന്ന പദ്ധതി തിരുവനന്തപുരത്ത് ഉടന്‍ തുടങ്ങും. ബംഗുളൂരുവിലുള്ള ഏജന്‍സിയുമായി ഇതിനായി ധാരണയിലെത്തിയിട്ടുണ്ട്. കണ്ണൂര്‍, തിരൂര്‍, പാലക്കാട്, ആലപ്പുഴ തുടങ്ങിയ നഗരസഭകളിലും സമാനമായ പ്ലാന്റുകള്‍ സ്ഥാപിക്കും.