പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറ് മാസം ദീര്‍ഘിപ്പിച്ചു

Posted on: September 30, 2014 12:10 am | Last updated: September 30, 2014 at 12:10 am
SHARE

pscതിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ ഇന്നലെ ചേര്‍ന്ന പി എസ് സി യോഗം തീരുമാനിച്ചു. ഇന്നുവരെ മൂന്ന് വര്‍ഷം പൂര്‍ത്തിയായതും നാലര വര്‍ഷം പൂര്‍ത്തിയാകുന്നതുമായ മുഴുവന്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിക്കാനാണ് ഇന്നലെ പത്തനംതിട്ടയില്‍ ചേര്‍ന്ന പി എസ് എസി യോഗം തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ മാര്‍ച്ച് മുപ്പതിന് കാലാവധി അവസാനിച്ച എല്ലാ റാങ്ക് ലിസ്റ്റുകള്‍ക്കും അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കാലാവധി ലഭിക്കും. ഈ കാലയളവിനുള്ളില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ദീര്‍ഘിപ്പിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമെന്ന നിബന്ധനയോടെയാണ് ഈ തീരുമാനം. അതേസമയം, പരിശീലനം ആവശ്യമായ യൂനിഫോംഡ് ഫോഴ്‌സസിന് ഈ തീരുമാനം ബാധകമല്ല.

പോലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ട്രെയിനി (ജനറല്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) തസ്തികയിലേക്കുള്ള നിലവിലെ റാങ്ക് പട്ടിക സംബന്ധിച്ചുള്ള ഹൈക്കോടതി വിധി നടപ്പാക്കുവാനും ഹൈക്കോടതി നിര്‍ദേശ പ്രകാരം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുവാനും കമ്മീഷന്‍ തീരുമാനിച്ചു. ഇതോടെ ഏഴ് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 46 പേരുടെ നിയമനം റദ്ദാകും. ഉയര്‍ന്ന മാര്‍ക്ക് ഉള്ളവരെ ഉള്‍പ്പെടുത്തി മെയിന്‍ ലിസ്റ്റും സംവരണ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിക്കുകയാണ് പി എസ് സിയുടെ രീതി. എന്നാല്‍, എസ് ഐ പരീക്ഷക്ക് ഒറ്റ റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.
സംവരണത്തിന് അര്‍ഹരായവര്‍ മെയിന്‍ ലിസ്റ്റില്‍ വരുന്നതോടെ തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നു കാട്ടി ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിനെ സമീപിച്ചു. ഇതേ തുടര്‍ന്ന് പ്രാഥമിക പരീക്ഷയില്‍ 49 മാര്‍ക്ക് നേടാത്ത സംവരണ വിഭാഗക്കാരെ സപ്ലിമെന്ററി ലിസ്റ്റിലേക്ക് മാറ്റണമെന്നും ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ട്രൈബ്യൂണല്‍ പി എസ് സിയോട് ആവശ്യപ്പെട്ടു. ഇത് നിരാകരിച്ച പി എസ് സി, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എട്ടംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു പി എസ് സിയുടെ നടപടി. പി എസ് സിയുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതിയും ലിസ്റ്റ് പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മെയിന്‍ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും പ്രത്യേകം തയ്യാറാക്കാനാണ് തീരുമാനം. ഇതോടെ 2007ല്‍ ആരംഭിച്ച എസ് ഐ നിയമന നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തിലാകുമെന്ന് ഉറപ്പായി. 2010ലാണ് എസ് ഐ തസ്തികയിലേക്ക് പി എസ് സി പരീക്ഷ നടത്തിയത്. അര ലക്ഷത്തോളം പേര്‍ എഴുതിയ പരീക്ഷയില്‍ 2,712 പേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി. നിയമന ശിപാര്‍ശ ലഭിച്ച 280 പേരാണ് ഇപ്പോള്‍ പരിശീലനത്തിലുള്ളത്. 74 ഒഴിവുകള്‍ കൂടി ആഭ്യന്തര വകുപ്പ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുറത്താകുന്ന 46 പേരില്‍ പതിനഞ്ച് പേര്‍ക്ക് ഈ ഒഴിവുകളില്‍ നിയമനം ലഭിച്ചേക്കും. ശേഷിക്കുന്നവര്‍ക്ക അവസരം പൂര്‍ണമായി നഷ്ടപ്പെടും.