ഗതാഗതക്കുരുക്കില്‍ കുരുങ്ങി ചരക്ക് വാഹനങ്ങള്‍

Posted on: September 30, 2014 12:15 am | Last updated: September 29, 2014 at 11:16 pm
SHARE

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ വാളയാര്‍ മോഡല്‍ ചെക്ക്‌പോസ്റ്റ് സമുച്ചയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആറ് വര്‍ഷമായിട്ടും നടന്നില്ല.
ചെക്ക്‌പോസ്റ്റില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നീക്കാന്‍ താല്‍ക്കാലിക സംവിധാനം പോലുമില്ലെന്നതാണ് വസ്തുത. മുത്തങ്ങ വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് മുമ്പിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നേരത്തെ പ്രഖ്യാപിച്ചതായിരുന്നു ചെക്ക്‌പോസ്റ്റ് സമുച്ചയം. ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാരും വന്യമൃഗങ്ങളും അനുഭവിക്കുന്ന ദുരിതം നാള്‍ക്കുനാള്‍ ഏറിവരികയാണ്. സംസ്ഥാനത്തെ പ്രധാന വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളിലൊന്നാണ് മുത്തങ്ങയിലേത്. കേരള, കര്‍ണാടക സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാത 212 ലാണ് ചെക്ക്‌പോസ്റ്റുള്ളത്. ദിവസേന ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇരുഭാഗത്തേക്കുമായി ഇതുവഴി കടന്നുപോകുന്നത്. കര്‍ണാടകയില്‍ നിന്നും വരുന്ന ചരക്കുലോറികളടക്കമുള്ള വാഹനങ്ങള്‍ പരിശോധനക്കായി വനമധ്യത്തിലൂടെയുള്ള ദേശീയപാതയുടെ ഓരത്താണ് നിറുത്തിയിടുന്നത്.
പൊതുവെ റോഡിന് വീതി കുറഞ്ഞ ഈ ഭാഗത്ത് നിരന്തരമായി വാഹനങ്ങള്‍ നിറുത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബസുകളടക്കമുള്ള യാത്രാ വാഹനങ്ങള്‍ മുത്തങ്ങയില്‍ കുരുങ്ങുന്നു. മുത്തങ്ങ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിക്കാനെത്തിയ ധനമന്ത്രി ഇവിടുത്തെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2008 നവംബറില്‍ താസംവിന ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ പരിശോധനക്കായി ചെക്ക് പോസ്റ്റിന്റെ ഒരു കൗണ്ടര്‍ കല്ലൂര്‍ 67 ല്‍ സ്ഥാപിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രം പരിശോധിക്കുന്ന കേന്ദ്രമായി മുത്തങ്ങ മാറുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. വാളയാര്‍ മോഡല്‍ ചെക്ക് പോസ്റ്റിനായി കണ്ടെത്തിയ സ്ഥലവും കല്ലൂര്‍ 67 ല്‍ തന്നെയായിരുന്നു. ബദല്‍ സംവിധാന പ്രഖ്യാപനം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് പുരോഗതിയൊന്നും ഉണ്ടായില്ല. ദേശീയപാതയിലെ രാത്രികാല ഗതാഗതനിരോധനം കൂടി വന്നപ്പോള്‍ വാഹനത്തിരക്ക് അനിയന്ത്രിതമാണ് ഇതുമൂലം വിനോദ സഞ്ചാരികളടക്കമുള്ള അന്തര്‍ സംസ്ഥാന യാത്രക്കാരാണ് ഏറെ വലയുന്നത്. ഗതാഗത നിരോധന സമയത്തിന് മുമ്പ് അതിര്‍ത്തി കടക്കാനായി പാഞ്ഞുപോകുന്ന വാഹനങ്ങള്‍ മുത്തങ്ങ ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങും. പിന്നീട് സമയം വൈകിയതിനാല്‍ രാത്രിയില്‍ യാത്രക്കാര്‍ക്ക് കാടിനുള്ളില്‍ തന്നെ കഴിയേണ്ടി വരുന്നു. രാത്രികാലങ്ങളിലെ ഗതാഗതക്കുരുക്ക് വന്യമൃഗങ്ങള്‍ക്കും ദുരിതമാവുകയാണ്. കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ റോഡുമുറിച്ചുകടക്കുന്ന ‘ഭാഗത്ത് വാഹനങ്ങള്‍ മണിക്കൂറുകളോളം നീണ്ട നിരയായി നിറുത്തിയിടുന്നതുമൂലം ഇവയുടെ സൈ്വര്യ വിഹാരം തടസപ്പെടുന്നു. വാഹനങ്ങളുടെ ഇരമ്പവും ഇവക്ക് ശല്യമാവുകയാണ്.