Connect with us

National

പ്രളയബാധിതര്‍ക്ക് ആശ്വാസമായി എസ് വൈ എസ് സഹായം

Published

|

Last Updated

ശ്രീനഗര്‍: നൂറ്റാണ്ടിലെ ഏറ്റവും ഭീതിതമായ പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട കാശ്മീരികള്‍ക്ക് സഹായമെത്തിച്ച് സമസ്ത കേരള സുന്നി യുവജനസംഘം ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വീണ്ടും മാതൃക കാണിച്ചു. പേമാരിയില്‍ ജീവിത സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആദ്യ ദുരിതാശ്വാസക്കിറ്റുകളെത്തിയത് കേരളത്തിലെ എസ് വൈ എസ് സംഘത്തിന്റെതായിരുന്നുവെന്നതും ചരിത്ര നിയോഗമായി. കാശ്മീരിലെ പ്രളയബാധിതര്‍ക്ക് എസ് വൈ എസ് എത്തിച്ച ഒന്നാം ഘട്ട സഹായം വിതരണം ചെയ്തു തുടങ്ങി. ശ്രീനഗറിലെ നാര്‍ബല്‍ കോളനി, ഹാജിബാദ്, മലോര എന്നിവിടങ്ങളിലും ഹസ്‌റത്ബാല്‍ പള്ളിക്കു സമീപമുള്ള കോളനികളിലുമാണ് ആദ്യ ഘട്ടത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത്. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, സെക്രട്ടറി മുസ്തഫ കോഡൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോളനികളിലും അഭയാര്‍ഥി ക്യാമ്പുകളിലും നേരിട്ടെത്തിയാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കിയത്.
അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചുപോകാന്‍ കഴിയില്ലെന്നതിനാല്‍ കൂടുതല്‍ സഹായങ്ങളെത്തിക്കുന്നതിനുള്ള പദ്ധതികള്‍ എസ് വൈ എസ് ആവിഷ്‌കരിച്ചിട്ടുണ്ട്. അഭയാര്‍ഥി ക്യാമ്പുകളില്‍ മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതകള്‍ ഏറെയായതിനാല്‍ കേരളത്തില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ സംഘം അടുത്ത ദിവസം കാശ്മീരിലേക്ക് പുറപ്പെടും.
തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് ജമ്മു കാശ്മീര്‍ സര്‍ക്കാറുമായി സഹകരിച്ചുള്ള പദ്ധതിക്കാണ് എസ് വൈ എസ് രൂപം നല്‍കുന്നത്.