റെയില്‍വെ സ്റ്റേഷനിലെ ബോംബ് ഭീഷണി: അന്വേഷണം സംബന്ധിച്ച് അവ്യക്തത

Posted on: September 30, 2014 12:15 am | Last updated: September 29, 2014 at 10:21 pm
SHARE

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശത്തെക്കുറിച്ച് സൈബര്‍സെല്ലിന്റെയും കാസര്‍കോട് ഡി വൈ എസ് പിയുടേയും നേതൃത്വത്തില്‍ ഊര്‍ജിത അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു.
കബളിപ്പിക്കാനായി ബോധപൂര്‍വം ഫോണില്‍ സന്ദേശം നല്‍കിയതാണെന്നാണ് പ്രാഥമിക സൂചന. പഴുതുകള്‍ അടച്ചുകൊണ്ടുള്ള അന്വേഷണം പലവഴിക്കും വ്യാപിപ്പിച്ചതായും എസ് പി പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് 6.15 മണിയോടെയാണ് കാസര്‍കോട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അടുപ്പിച്ച് മൂന്നുതവണ ഫോണ്‍ സന്ദേശം വന്നത്.
റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ഉടന്‍ പൊട്ടുമെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് കാസര്‍കോട് സി ഐ. ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, ആര്‍ പി എഫ് എന്നിവ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍, ബോംബ് വെച്ചതിന്റെ യാതൊരു അടയാളവും കണ്ടെത്താനായില്ല. കര്‍ണാടക തൊക്കോട്ട് പ്രദേശത്ത് നിന്നാണ് മൊബൈല്‍ ഫോണില്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശം വന്നതെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആ ഭാഗത്തേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
ബോംബ് ഭീഷണി മുഴക്കിയവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്. ഭീഷണിയെ തുടര്‍ന്ന് മലബാര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, പൂനെഎറണാകുളം എക്‌സ്പ്രസ്, എഗ്മോര്‍-മംഗലാപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകിയിരുന്നു.
ബോംബ് ഭീഷണിയെ സംബന്ധിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അക്കാര്യം വെളിപ്പെടുത്താറായിട്ടില്ലെന്നും എസ് പി വ്യക്തമാക്കി. ബോംബ് ഭീഷണി സംഭവത്തില്‍ അന്വേഷണം തുടരുന്നുണ്ടെങ്കിലും കേസെടുത്തിട്ടില്ല.
ഭീഷണി സന്ദേശം ലഭിച്ചത് കണ്‍ട്രോള്‍ റൂമിലേക്കായതിനാലും ഫോണ്‍ വിളിച്ച സ്ഥലം സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തിലും കേസെടുക്കുന്നത് സംബന്ധിച്ച് റെയില്‍വേ പോലീസും ടൗണ്‍ പോലീസും തമ്മില്‍ ആശയക്കുഴപ്പവും തര്‍ക്കവും നിലനില്‍ക്കുകയാണ്.
സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഭീഷണിയുടെ ഉറവിട കേന്ദ്രം കണ്ടെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂവെന്ന് റെയില്‍വേ പോലീസ് എസ് ഐ പറഞ്ഞു.