Connect with us

Articles

അവരെ പരിഷ്‌കൃതരാക്കാതിരുന്നാല്‍ മതി

Published

|

Last Updated

mullumal adivasi2പരിഷ്‌കാരം എന്നത് ആപേക്ഷികമാണ്, സംസ്‌കാരവും. ഒരാളെ എന്താക്കണമെന്ന് മറ്റൊരാളോ സമൂഹമോ തീരുമാനിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം ഇടപെടലുകള്‍ അപകടകരവുമാണ്. എടയ്ക്കല്‍ ഗുഹയില്‍ മലയാള ഭാഷയിലെ ഫലകങ്ങള്‍ ഉള്ളതായും അതു വെച്ച്, ഭാഷയുടെ ചരിത്രം മാറിപ്പോകാന്‍ സാധ്യതയുണ്ടെന്നും ഭാഷാചരിത്ര ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നുണ്ട്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത, സുമാര്‍ 8,000 വര്‍ഷം മുമ്പുണ്ടായിരുന്ന ആദിമ മനുഷ്യന്‍ കല്ലില്‍ കൊത്തിയ പെട്രോഗ്ലിഫ് ചിത്രങ്ങളാണ് ഗുഹയിലുള്ളത്. 1890ല്‍ മലബാര്‍ പോലീസ് അധികാരിയായിരുന്ന ഫോസറ്റ് ആണ് ഈ ഗുഹ കണ്ടുപിടിച്ചത്. അക്കാലത്ത് സമീപ പ്രദേശങ്ങളില്‍ മണ്ടാതന്‍ ചെട്ടി എന്നറിയപ്പെടുന്ന വിഭാഗത്തിലെ ജനങ്ങള്‍ ജീവിച്ചിരുന്നു. ഇവരുടെ തീര്‍ഥാടന കേന്ദ്രത്തില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എടക്കല്‍ ഗുഹ. ഹാരപ്പ സംസ്‌കാര കാലത്തെ ജനത വരച്ച ചിത്രങ്ങളുമായി സാമ്യം എടക്കല്‍ ഗുഹയിലെ ചിത്രങ്ങള്‍ക്കുണ്ട്. പുരാവസ്തു ശാസ്ത്രജ്ഞനായ ഐരാവതം മഹാദേവന്‍ പറയുന്നത് ഈ ഗുഹയിലുള്ള ചില കോണെഴുത്തുകളെ മലയാളം വട്ടെഴുത്തുമായി ബന്ധപ്പെടുത്താമെന്നാണ്. കാലങ്ങളായി മനുഷ്യന്‍ കാടുകളിലും ഗുഹകളിലും മൃഗങ്ങളോടും പക്ഷകളോടും മരങ്ങളോടും ഇഴുകിച്ചേര്‍ന്ന് ജീവിച്ചിരുന്നെന്നതിന്റെ തെളിവാണിത്. അങ്ങനെ അവര്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന ജീവിത യാത്രയില്‍ യാതൊരു മൃഗവും ഇല്ലാതായിട്ടില്ല. ഒരു പറവയും വംശമറ്റിട്ടില്ല. ഒരു മരവും കിളിര്‍ക്കാതിരുന്നിട്ടില്ല.

ആദിവാസികളുടെ മരണാനന്തരച്ചടങ്ങില്‍ നിന്ന് പരിഷ്‌കൃതരെന്ന് ഊറ്റം കൊള്ളുന്നവര്‍ പഠിക്കേണ്ടതുണ്ട്. ഇസ്‌ലാം മതവിഭാഗം മരിച്ചവരുടെ ഓര്‍മക്കായി മീസാന്‍ കല്ലും മരവും നാട്ടുന്ന പതിവുണ്ട്. കാണിക്കാരന്‍ എന്ന ആദിവാസി വിഭാഗം മൃതദേഹം അടക്കം ചെയ്ത, കിളച്ചുമറിച്ച മണ്ണില്‍ കല്ലിന് പകരം ജീവന്റെ തുടിപ്പ് നടുന്നു. മരത്തൈ മരിച്ചവരുടെ പ്രതീകമായി അവന്‍ വളര്‍ത്തും. വനത്തിനേയും മരങ്ങളേയും തന്റെ പൂര്‍വികരായി കരുതി ജീവിക്കുന്ന വനവാസികള്‍ കാടിനെ നശിപ്പിക്കുന്നതായി ആരോപിച്ച് കാട്ടില്‍ നിന്ന് പുറത്താക്കുന്നത് ആധുനികരുടെ വിനോദമാണ്. അവരുടെ മണ്ണില്‍ നിന്നും ജീവിതത്തില്‍ നിന്നും ആട്ടിയോടിച്ച് കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിച്ച് അതില്‍ തളച്ചിടാനാണ് നമ്മുടെ അധികാരികള്‍ വ്യഗ്രത കാണിക്കുന്നത്. ഇതിന് വേണ്ടി സര്‍ക്കാറുകള്‍ ചെലവാക്കുന്ന പണത്തിനു കൈയും കണക്കുമില്ല.
മനുഷ്യന്‍ കാലങ്ങളായി ഗുഹകളിലും മൃഗങ്ങളോടൊപ്പവും സൗഹാര്‍ദം സ്ഥാപിച്ചിരുന്നെന്നതിന് സംഘകാലം മുതല്‍ പലവിധ തെളിവുകളുണ്ട്. മലയും മലയോട് ചേര്‍ന്ന കുറിഞ്ചി നിലത്തിലും വനവും വനത്തിനോട് ചേര്‍ന്ന മുല്ലയിലും മരുപ്പച്ചയിലും ആദാവാസി ജനതയുടെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങളാണ്.
ആദിവാസികള്‍ എന്നാല്‍ ഏതോ മൃഗമാണെന്ന ധാരണയും വീക്ഷണവും പലര്‍ക്കുമുണ്ട്. വനവാസികള്‍ക്ക് സവിശേഷ ജീവിതരീതി, ഭാഷ, ആചാരം, മൂല്യം, കുടുംബ ജീവിതം എന്നിവയുണ്ട്. അവരുടെ താമസസ്ഥലം, ജീവിത രീതികള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ എല്ലാം തന്നെ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതാണ്. പക്ഷികളുടെ കൂടുകള്‍ പോലെ വൃത്താകാരത്തില്‍ പണിത വീടുകള്‍. മേല്‍ക്കൂരയില്‍ മേഞ്ഞിരിക്കുന്ന കാനാ വിഭാഗത്തിലുള്ള കാട്ടുപുല്ല് പാചക സമയത്ത് ഉണ്ടാകുന്ന പുക നേര്‍പ്പിച്ച് പുറത്തേക്ക് വിടാന്‍ കഴിവുള്ളതാണ്.
“കല്‍ വാരിയാ” എന്ന മരത്തിന്റെ വിത്തുകള്‍ ടോടോ എന്ന പക്ഷിയുടെ വയറില്‍ നിന്നും കാഷ്ഠം വഴി മണ്ണിലെത്തിയാല്‍ മാത്രമേ മുളക്കുകയുള്ളൂ. പക്ഷിയുടെ ആന്തരാവയവങ്ങളിലെ സ്രവങ്ങള്‍ക്ക് മാത്രമേ വിത്തിനെ പൊതിഞ്ഞിരിക്കുന്ന കട്ടിയുള്ള തോട് അലിയിക്കാനുള്ള കഴിവുള്ളൂ. ഈ ബന്ധം പോലെ, മനുഷ്യനും മരത്തിനും ഒരു ബന്ധുണ്ട്. ഒരു തരം പേരക്കാ മരത്തിന്റെ വിത്തുകള്‍ മനുഷ്യന്റെ വയറ്റിലെത്തി വിസര്‍ജനം വഴി പുറത്തേക്ക് വരുമ്പോള്‍ മാത്രമേ മുളക്കൂ. ഇങ്ങനെയുള്ള അതിശയകരമായി പ്രകൃതിയോടിണങ്ങി ജീവിക്കുന്ന വനവാസികള്‍ കാരണം കാടിന് അപകടം എന്ന് ആര്‍ക്കാണ് വിശ്വസിക്കാനാകുക? നാഗരികത കലര്‍ന്ന ആധുനിക മനുഷ്യനില്‍ നിന്നാണ് വന്യജീവികളെ രക്ഷിക്കേണ്ടത്, അല്ലാതെ അവയുടെ സുഹൃത്തുക്കളായ ആദിവാസികളില്‍ നിന്നല്ല.
ഈ പൊക്കിള്‍ക്കൊടി ബന്ധം സര്‍ക്കാറും അവരുടെ നിയമങ്ങളും വെട്ടിനശിപ്പിക്കുന്നു. അവന്‍ കാലങ്ങളായി പോറ്റി വരുന്ന വനവും വനവാസവും വന്യമൃഗങ്ങളും അവനെതിരായി മാറ്റി ആ വിചാരത്തില്‍ നിന്ന് തന്നെ അന്യമാക്കുന്നു. ഈ അന്യമാക്കല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ എളുപ്പത്തില്‍ അംഗീകരിക്കില്ല എന്നതിന്റെ തെളിവുകള്‍ സമകാലിക ചരിത്രം വെളിപ്പെടുത്തുന്നുണ്ട്.
മനുഷ്യകുലം കാത്തു സൂക്ഷിച്ചു വരുന്ന ഉയര്‍ന്ന ജീവിതരീതിയുടെ നേരും നെറിയും നശിപ്പിച്ച് ഇവരെ കാടിന്റെ തനിമകളില്‍ നിന്ന് ആട്ടിയോടിക്കുന്ന പ്രവണത കേരളത്തില്‍ മാത്രമല്ല, ലോകം മുഴുവനുമുണ്ട്. കാടുകളില്‍ നിന്ന് ആദി ജനങ്ങളെ പുറത്താക്കി അവരുടെ ആവാസ കേന്ദ്രമായ വനങ്ങളെ കൈവശപ്പെടുത്തുന്നതിന്റെ തുടക്കമായി ആഗോള മുതലാളിമാരുടെ വാണിജ്യ അധിനിവേശത്തെ കാണേണ്ടതുണ്ട്.
പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിയോട് ചേര്‍ന്ന്, പ്രകൃതിക്കായി ജീവിക്കുന്ന ഈ ആദിവാസി ജനതയെ പുറത്താക്കാന്‍ ആവേശം കൊള്ളുന്നതിന്റെ പിന്നില്‍ “കാര്‍ബണ്‍ ട്രേഡിംഗ് എന്ന സൂക്ഷ്മ രാഷ്ട്രീയം ഉള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതും മുഖവിലക്കെടുക്കേണ്ടതുണ്ട്. ആഗോള തൊഴില്‍ മേഖലയിലെ മാഫിയകള്‍ സൃഷ്ടിച്ച വ്യാപാര ചിന്തയാണ് “കാര്‍ബണ്‍ ട്രേഡിംഗ്”.
തൊഴില്‍ശാലകളും വ്യവസായശാലകളും പുറപ്പെടുവിപ്പിക്കുന്ന കാര്‍ബണ്‍ ആഗോള താപവത്കരണത്തിന്റെ ഭീകരത ഇല്ലാതാക്കാന്‍ ഭൂമി ധാരാളം നികത്തപ്പെട്ട, വികസിത രാജ്യങ്ങളും വന സമ്പത്തുള്ള രാജ്യങ്ങളും പരസ്പരം വിലപേശല്‍ നടത്തുന്നുണ്ട്. ഞങ്ങളുടെയടുത്ത് ധാരാളം വനമുണ്ട്; നിങ്ങളുടെ നാട്ടിലെ താപം നിയന്ത്രിക്കാന്‍ ഞങ്ങള്‍ വനം സംരക്ഷിക്കുകയാണ്; അതുകൊണ്ട്, നിങ്ങള്‍ ചെലവാക്കാനുദ്ദേശിക്കുന്ന തുക ഞങ്ങളുടെ കാടുകളുടെ സംരക്ഷണത്തിനായി തരണമെന്ന് ആവശ്യപ്പെടുന്നു. ഇതിന് പകരം ആഗോള വ്യവസായികള്‍ ആവശ്യപ്പെടുന്നത് വനവാസികളെ ആട്ടിയിറക്കണമെന്നാണ്. വികസനത്തിനായുള്ള ഭൂമിക്കുള്ള ഏതന്വേഷണവും ആദ്യം എത്തുന്നത് വനത്തിലേക്കാണ്. ഇതിനെല്ലാം ബലിയായി നല്‍കേണ്ടിവരുന്നത് ആദിവാസിയുടെ പൈതൃകവും.
മാറുമറയ്ക്കാനും വഴി നടക്കാനും ആരാധിക്കാനും ഏറെ സമരം നടന്ന നാടാണ് കേരളം. ഇപ്പോഴിവിടെ പാരമ്പര്യമുള്ള ആദിവാസികള്‍ പുതിയ സമരരൂപത്തെ പരിചയപ്പെടുത്തുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ നില്‍പ്പ് സമരം. ഈ സമരത്തിനെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ്. മാസങ്ങള്‍ പിന്നിട്ട് മുന്നേറുന്ന സമരത്തിന്റെ ഊര്‍ജം പിറന്ന മണ്ണില്‍ അവസാന ശ്വാസം വരെയും പൈതൃകങ്ങളില്‍ അഭിരമിച്ച് ജീവിക്കാനുള്ള ആര്‍ത്തിയാണ്. വനവാസികള്‍ക്ക് അവരുടെ ഭൂമി കിട്ടാന്‍ അവകാശമുണ്ട്. അതിന് ഉപോത്ബലകമായ ഒരു കോടതിവിധിയുമുണ്ട്. അത് വന്നിട്ട് കൊല്ലം 13 ആയി. ഇതുവരെയായി വിധി നടപ്പാക്കാന്‍് ഒരു നടപടിയും അധികാരികളില്‍ നിന്നുണ്ടായിട്ടില്ല. കാട്ടിലെ ഫലപുഷ്ടിയുള്ള മണ്ണില്‍ വിത്ത് വിതച്ച് കണ്ണിമയക്കാതെ കാവലിരുന്ന്, നൂറ് മേനി വിളയിച്ച് സന്തോഷത്തിന്റെ തുടിതാളമുയര്‍ത്തിയാണ് വനവാസികള്‍ പുലര്‍ന്നുപോന്നത്. എന്നാല്‍ വികസനമെന്നത് പ്രകൃതിയെ ആകും വിധം ചൂഷണം ചെയ്യല്‍ മാത്രമാണെന്ന് ധരിച്ചുട്ടുള ആധുനിക മനുഷ്യന്‍ കാട് വെട്ടിപ്പിടിക്കാനും കയ്യേറാനും തുടങ്ങിയപ്പോള്‍ ഇവര്‍ക്ക് കാടിന്റെ ഉള്ളറകളിലേക്ക്, വിത്തുകിളര്‍ക്കാത്ത ഊഷരമണ്ണിലേക്ക് പലായനം ചെയ്യേണ്ടിവന്നു. കൃഷിയില്‍ നിന്ന് മിക്ക ആദിവാസി വിഭാഗങ്ങളും പിന്തിരിയാന്‍ നിര്‍ബന്ധിതരായി. അവര്‍ കാട്ടു വിഭവങ്ങള്‍ ശേഖരിച്ച് നാട്ടിലെത്തിക്കുന്ന എജന്റുമാരായി തീരുകയായിരുന്നു. അവരും പതുക്കെ പതുക്കെ പണത്തിന്റെ മൂല്യത്തില്‍ മാത്രം ബന്ധത്തെ തളച്ചിടുന്ന സാധാരണ മനുഷ്യരാകുകയായിരുന്നു. വനവാസികളുടെ തനിമയും നന്മയും നഷ്ടപ്പെടുന്ന ഘട്ടത്തിലേക്കാണ് ഇക്കാലം എത്തിച്ചതെന്ന് നിസ്സംശയം പറയാം. കാടുവിട്ടിറങ്ങിയ വനവാസികള്‍ നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയരായികൊണ്ടിരുക്കുന്നുണ്ട്. കൈയിലുള്ളത് നഷ്ടപ്പെടാതെ അന്യന്റെത് സ്വന്തമാക്കണമെന്ന വല്ലാത്ത ആഗ്രഹമാണ് സാമാന്യ ജനത്തിനുള്ളത്. അതിന്റെ ഫലമായിട്ടാണ് കാട്ടുതേനും പന്തവും അരക്കും വനവിഭവങ്ങളുമായെത്തുന്ന വനവാസികളെ നാട്ടുകാര്‍ മദ്യം നല്‍കി പാട്ടിലാക്കിയത്. വില കുറഞ്ഞ, വീര്യം കൂടിയ മദ്യത്തിന്റെ ലഹരിയില്‍ പിടഞ്ഞൊടുങ്ങുന്ന ആദിവാസി വിഭാഗത്തിന് സ്ത്രീകളുടെ മാനം പോലും ബലി നല്‍കേണ്ടി വന്നിട്ടുണ്ട്. ഇതിനല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ… എന്ന കവിയുടെ ചോദ്യത്തില്‍ മാത്രമാണ് പ്രതീക്ഷയുടെ സൂര്യനെ കാണാനാകുക.
അവഗണിച്ചില്ലാതാക്കുക എന്നത് ഭരണകൂടം കാലാകാലങ്ങളായി നടത്തിപ്പോരുന്ന രീതിയാണ്. ഇതില്‍ പറ്റിപ്പിടിച്ച് സാധുക്കളായ വനവാസികളെ വഞ്ചിക്കാനുള്ള പുതിയ തന്ത്രങ്ങളാണ് അധികൃതര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. തളര്‍ന്നുപോകാതെ നില്‍ക്കുന്ന സമരയൗവനങ്ങളെ പിന്തുണക്കാന്‍ മനുഷ്യപക്ഷ രാഷ്ട്രീയം ആഗ്രഹിക്കുന്നവര്‍ എത്തുന്നുണ്ട് എന്നത് പ്രതീക്ഷ പകരുന്നുണ്ട്.

---- facebook comment plugin here -----

Latest