മുസ്‌ലിംകളുടെ രാജ്യസ്‌നേഹം

Posted on: September 30, 2014 6:03 am | Last updated: September 29, 2014 at 9:10 pm
SHARE

indianനരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതൊരു യാഥാര്‍ഥ്യമാണ്. അതു പോലെ തന്നെ മറ്റൊരു യാഥാര്‍ഥ്യമാണ് മോദിയെന്ന പ്രധാനമന്ത്രി കഴിഞ്ഞ ദിവസം~ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മോദി സി എന്‍ എന്‍ -ഐ ബി എന്‍ ചാനലിലെ ഫരീദ് സഖറിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് പറഞ്ഞത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാജ്യസ്‌നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇന്ത്യയിലെ മുസ്‌ലിംകള്‍ ദേശസ്‌നേഹികളാണ്. ഇന്ത്യക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്. അവരെ ജിഹാദിന് പ്രേരിപ്പിക്കാം എന്നത് അല്‍ഖാഇദയുടെ മിഥ്യാ ധാരണയാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ അല്‍ഖാഇദയുടെ ആഹ്വാനം തള്ളിക്കളയുമെന്ന് ഉറപ്പുണ്ട്. അല്‍ഖാഇദയുടെ താളത്തിനൊത്ത് തുള്ളുന്നവരല്ല അവര്‍. ഏതെങ്കിലും സമുദായവുമായി ബന്ധപ്പെടുത്തിയല്ല മറിച്ച് മാനവരാശിക്ക് എതിരെയുള്ള യുദ്ധമായി ഭീകരവാദത്തെ കാണണം- എന്നിങ്ങനെയാണ് പ്രധാനമന്ത്രി പറഞ്ഞത്.
പറഞ്ഞത് മോദി തന്നെയാണോയെന്നാണ് പലര്‍ക്കും സംശയം. അളന്ന് മുറിച്ച് കൃത്യമായി കണക്ക് കൂട്ടി മാത്രം സംസാരിക്കാറുള്ള മോദി മുമ്പൊരിക്കലും ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് മാത്രമല്ല, മോദിയുടെ നിലപാടുകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിചാരധാരയുമെല്ലാം ഇതില്‍ നിന്നും വിഭിന്നവും വ്യത്യസ്തവുമായിരുന്നു.
അതേ സമയം ഈ പ്രസ്താവനയുടെ ഉള്ളടക്കം നമ്മുടെ പ്രധാനമന്ത്രിക്ക് ബോധം വന്നതുകൊണ്ടാണോ അതോ ബോധ്യം വന്നതാണോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ഇനി പറഞ്ഞതില്‍ എത്ര കാലം ഉറച്ചുനില്‍ക്കാന്‍ നമ്മുടെ പ്രധാനമന്ത്രിക്കാകും എന്നതും വരാന്‍ പോകുന്ന കാര്യമാണ്. മോദി പറഞ്ഞതൊരു യാഥാര്‍ഥ്യമാണ്. അല്‍ ഖാഇദയെന്നല്ല, ഇനി ആര് പറഞ്ഞാലും അവരുടെ താളത്തിനൊത്ത് തുള്ളുന്നവരല്ല ഇന്ത്യയിലെ മുസ്‌ലിംകള്‍. അവര്‍ മതബോധമുള്ളവരാണ്. പ്രവാചക പാഠങ്ങള്‍ ഉള്‍ക്കൊണ്ടവരാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ വിലയറിയുന്നവര്‍. ഈ രാജ്യം രൂപപ്പെടുത്തുന്നതിന് സ്വാതന്ത്ര്യ സമര കാലം തൊട്ടേ തുല്യതയില്ലാത്ത പങ്ക് വഹിച്ചു പോന്നവരാണ് ഈ രാജ്യത്തെ മുസ്‌ലിംകള്‍. പലരും മതരാഷ്ട്രവാദമുന്നയിച്ച് രാജ്യമുണ്ടാക്കി പോയിട്ടും മാതൃ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും ഉള്‍ക്കൊണ്ട് അടിയുറച്ച് നിന്നവര്‍. ഇന്നും ഈ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി തുല്യതയില്ലാത്ത സേവനം ചെയ്യുന്ന മനുഷ്യര്‍. ഇവിടെ ത്രീവ്രവാദത്തിന്‍െയും വര്‍ഗീയതയുടെയും വിത്തിറക്കാന്‍ വന്നവരൊക്കെ നിരാശപ്പെടുക തന്നെ ചെയ്യും.
ഇത് മോദി പറഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ തന്നെയാണ്. മോദി പറയുമ്പോള്‍ മറ്റു ചിലപ്രത്യേകതകളുണ്ടെന്ന് മാത്രം. അതുകൊണ്ട് തന്നെയാണ് മോദിയുടെ വാക്കുകള്‍ അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമൊക്കെ ജനങ്ങള്‍ നോക്കിക്കാണുന്നത്.
രാജ്യത്തെ മുസ്‌ലിംകളെ സംബന്ധിച്ച് ഇത്രയും കാലം മോദി പറഞ്ഞതില്‍ വെച്ച് ഏറ്റവും നല്ല വാക്കുകളാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ തോറ്റെന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കുന്ന മതേതര പാര്‍ട്ടികളുടെ നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്നത്തതാണ് മോദി പറഞ്ഞിട്ടുള്ളത്. പക്ഷേ മോദി ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് നേരെ തുറിച്ചുനോക്കുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യമാണ്. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നതാണ.് ഒപ്പം ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകളും. എക്കാലത്തും മുസ്‌ലിംവിരുദ്ധ പക്ഷത്ത് നിലകൊള്ളാറുള്ള അമേരിക്ക ഗുജറാത്ത് വംശഹത്യയുടെ പേരില്‍ മുമ്പ് പല തവണയും മോദിക്ക് വിസ നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെന്ന നിലയിലാണ് അമേരിക്കയിലേക്ക് മോദി പോകുന്നതും അമേരിക്ക സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതും. ഈ ഘട്ടത്തില്‍ അമേരിക്കന്‍ ജനതയുടെ വീക്ഷണത്തിന് മുന്നില്‍ തന്റെ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കുകയാണ് മോദി പുതിയ പ്രസ്താവനയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംശയിക്കാം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയുടെ ചെയ്തികള്‍ക്കെതിരെ അമേരിക്കയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ദീര്‍ഘകാലം വീസ നിഷേധിക്കപ്പെട്ടത്.
ഇത്തരമൊരു ന്യൂനപക്ഷവിരുദ്ധ മുഖം മാറ്റിയെടുക്കാനാണ് യാത്രക്കു മുമ്പ് മോദി ശ്രമിച്ചത്. മറ്റൊരു ലക്ഷ്യവും കൂടി ഇതിലൂടെ നടക്കും. അമേരിക്കയെ പലപ്പോഴും വിറപ്പിച്ചിട്ടുള്ള തീവ്രവാദ സംഘടനയാണ് അല്‍ഖാഇദ. അത്തരം ഒരു സംഘടനക്കെതിരായ നിലപാടുകളില്‍ താനും അമേരിക്കക്കൊപ്പം ഉണ്ടാകും എന്ന് വ്യംഗ്യമായി സൂചിപ്പിക്കുക കൂടിയായിരുന്നു മോദി. അതിന് ഇന്ത്യയിലെ മുസ്‌ലിംകളുടെ രാജ്യസ്‌നേഹത്തെ അവസരത്തിനനുസരിച്ച് ഉപയോഗപ്പെടുത്തിയതായിട്ടും നമുക്ക് ചിന്തിക്കാവുന്നതാണ്.
ഈ അടുത്ത സമയത്ത് പുറത്തുവന്ന ചില ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബി ജെ പിക്ക് ഏറ്റ തിരിച്ചടി നോക്കുക. ലൗ ജിഹാദക്കമുള്ള പ്രചാരണങ്ങളും തീവ്ര ഹിന്ദുത്വനിലപാടുകളും കൊണ്ട് ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിക്ക് നേരിടേണ്ടി വന്നത് പരാജയമാണ്. തീവ്ര ഹിന്ദുത്വ നിലപാടുകളുമായി മുന്നോട്ട് പോയാല്‍ അതിനെതിരെ മതേതര ചേരി ഒറ്റക്കെട്ടായി നിലപാടെടുത്താല്‍ അത് തന്റെ സര്‍ക്കാറിന് ദോഷം ചെയ്യുമെന്നും മോദി ചിന്തിച്ചിട്ടുണ്ടാകണം.
ഇതിനുമൊക്കെ പുറമെ ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ മോദി സര്‍ക്കാറിന്റെ നിലപാടുകള്‍ പ്രത്യേകിച്ചും മുസ്‌ലിംകളോടുള്ള സമീപനം വിവിധ മുസ്‌ലിം രാജ്യങ്ങളും സംഘടനകളും നിരീക്ഷിക്കുന്നുണ്ടെന്നും മോദി കരുതുന്നുണ്ടാകാം. അതുകൊണ്ട് തന്നെ, തന്റെ മേല്‍ വീണിരിക്കുന്ന ന്യൂനപക്ഷ (മുസ്‌ലിം) വിരുദ്ധനെന്ന കറ കഴുകിക്കളയാതെ മുന്നോട്ടുള്ള ഭരണം ദുര്‍ഘടമാണെന്ന് മോദിക്ക് നൂറ് ദിനങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടാകും. എന്തായാലും മോദിയുടെ പ്രസ്താവനയെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ രാജ്യത്തെ ഹിന്ദുവിനെപോലെ, ക്രിസ്ത്യാനിയെ പോലെ, ജനിച്ചു വീണ മുസ്‌ലിംകള്‍ക്ക് രാജ്യസ്‌നേഹത്തിന് പ്രത്യേകിച്ച് ആരുടെയും സര്‍ട്ടിഫിക്കറ്റൊന്നും വേണമെന്നില്ല. എങ്കിലും മോദിയുടെ പ്രസ്താവന മാറ്റത്തിന്റെ തുടക്കമായാണ് രാജ്യത്തെ മുസ്‌ലിംകള്‍ കാണുന്നത്. പ്രസ്താവന തട്ടിപ്പാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പരിഹസിക്കുമ്പോഴും ആശ്ചര്യത്തോടെ സംഘപരിവാര്‍ മൗനം ഭജിക്കുമ്പോഴും മോദിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ അത് ഗുണപരമായ മാറ്റമായിരിക്കുമെന്ന് തന്നെ കരുതണം.
ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തെ മുസ്‌ലിംകളെക്കുറിച്ച് ഇത്രയും കാലം പറഞ്ഞു നടന്നത് കളവാണെന്ന് കൂടിയാണ് മോദി പറഞ്ഞിരിക്കുന്നത്. ഈ മാറ്റം രാജ്യത്തിന് ഗുണമാണെങ്കിലും തീവ്രഹിന്ദുത്വ ശക്തികളെ അസ്വസ്ഥമാക്കുമെന്നതില്‍ സംശയമില്ല. രാജ്യത്തെ മുസ്‌ലിംകള്‍ ഇടക്കിടെ ദേശക്കൂറ് തെളിയിക്കണമെന്നത് ആര്‍ എസ് എസ് – സംഘപരിവാര്‍ ശക്തികള്‍ ഇവിടെ കാലങ്ങളായി സൃഷ്ടിച്ചെടുത്ത ഒരു അലിഖിത നിയമമായി നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് ഇടക്കിടെ വിളിച്ചുപറയേണ്ട സാഹചര്യം മുസ്‌ലിംകള്‍ക്കല്ലാതെ മറ്റൊരു മതവിഭാഗത്തിനും ഈ രാജ്യത്ത് നേരിടേണ്ടി വന്നിട്ടില്ല. രാജ്യത്തെ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് വേണ്ടി ചാവേറാകാന്‍ പോയതില്‍ എല്ലാ മതനാമധാരികളുമുണ്ട്. മക്കാ മസ്ജിദും മാലേഗാവുമുള്‍പ്പെടെ എത്രയെത്ര നാമറിഞ്ഞതും അറിയാത്തതുമായ പിന്നാമ്പുറ യാഥാര്‍ഥ്യങ്ങളുണ്ട്. എന്നിട്ടും മുസ്‌ലിംകളുടെ രാജ്യസ്‌നേഹം മാത്രം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നതായി സച്ചാര്‍ കമ്മിറ്റി പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ മുസ്‌ലിംകളുടെ ദേശക്കൂറിന് മോദിയെന്ന പ്രധാനമന്ത്രി ഇപ്പോള്‍ നല്‍കിയിട്ടുള്ള ഗുഡ്‌വില്‍ സര്‍ട്ടിഫിക്കറ്റ് അതേ പോലെ നിലനില്‍ക്കേണ്ടത് ഈ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം വര്‍ഗീയത ആളിക്കത്തിക്കാന്‍ തീവ്രഹിന്ദുത്വ ശക്തികള്‍ പടച്ചുവിട്ട ലവ് ജിഹാദ് ലക്ഷ്യം തെറ്റിപ്പൊട്ടിയതും നാം കാണേണ്ടതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗ് തന്നെയാണ് ലവ് ജിഹാദിനെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊന്ന് രാജ്യത്ത് നടക്കുന്നതായി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പറഞ്ഞത്. ഇത്തരത്തില്‍ മോദി സര്‍ക്കാറിലെ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന ഗുണപരമായ പ്രസ്താവനകള്‍ നല്ല നാളുകളിലേക്കായി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കരുതി വെക്കണമെങ്കില്‍ വാക്കും പ്രവൃത്തിയും ഒന്നിച്ചുചേരുന്ന നല്ല നിലപാടുകളും നടപടികളും മോദി സര്‍ക്കാറില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത തീവ്രവാദ, രാജ്യദ്രോഹ ശക്തികള്‍ക്കെതിരെ മുഖം നോക്കാതെയും ജാതിയുടെ നിറം നോക്കാതെയുമുള്ള നടപടികളുമുണ്ടാകേണ്ടതുണ്ട്. അവിടെ അജ്മല്‍ കസബെന്നോ അസിമാനന്ദയെന്നോ വ്യത്യസമുണ്ടാകരുത്. നിയമം നടപ്പിലാക്കുമ്പോള്‍ നിറഭേദങ്ങളുണ്ടാകുന്നതാണ് ത്രീവ്രവാദ, വര്‍ഗീയ ശക്തികള്‍ക്ക് ഈ രാജ്യത്ത് കൂടി അശാന്തിയുടെ വിത്ത് വിതക്കാന്‍ തോന്നുന്ന സാഹചര്യമൊരുക്കുന്നത്. ഇതിനൊക്കെ പുറമെ, പുറത്ത് നിന്ന് മതത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിം യുവാക്കളെ വികാരം കൊള്ളിച്ച് അവരുടെ ജീവിതം പൊട്ടിത്തെറിപ്പിച്ചുകളയാന്‍ ശ്രമിക്കുന്നവര്‍ ചിലത് അറിയാതെ പോകുന്നുണ്ട്. മറ്റ് പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതിന് പക്വമായ മതനേതൃത്വമുണ്ടെന്നതാണത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രത്യേകിച്ച് ജമ്മു കാശ്മീരിലെ മുസ്‌ലിംകള്‍ ജിഹാദിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്ന അല്‍ഖാഇദ നേതാവിന്റെ വീഡിയോ സന്ദേശം പുറത്തു വന്നപ്പോള്‍ തന്നെ അതിനെതിരെ ശക്തമായ ഭാഷയില്‍ ആദ്യം പ്രതികരിച്ചത് ഇവിടുത്തെ മുസ്‌ലിം നേതാക്കള്‍ തന്നെയായിരുന്നു. മോദിയെപ്പോലെയുള്ള ഒരാളെക്കൊണ്ട് ഇത്തരത്തില്‍ പറയിപ്പിച്ചതിന് പിന്നില്‍ മതബോധമുള്ള ഇത്തരം പണ്ഡിതന്‍മാരുടെ നിലപാടുകള്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകണം.