താടിയും ജുബ്ബയും തീവ്രവാദി വേഷം !

Posted on: September 30, 2014 6:00 am | Last updated: September 29, 2014 at 9:03 pm
SHARE

പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോനും അനുഭവിക്കേണ്ടിവന്നു നിയമപാലകരുടെ മുസ്‌ലിം വിരോധത്തിന്റെ കയ്പ്. കൊച്ചി യാത്രക്കായി ഞായറാഴ്ച ബംഗളുരു വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചു സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ഏറെ നേരം തടഞ്ഞുവെക്കുകയുണ്ടായി. വിമാനത്താവളത്തിലെ സാധാരണ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി ബോര്‍ഡിംഗിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധനക്ക് വിധേയമാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. മോനോന്റെ വേഷവിതാനമാണത്രേ ഉദ്യോഗസ്ഥരെ സംശയാലുക്കളാക്കിയത്. നീണ്ട താടിയുള്ള അദ്ദേഹം ജുബ്ബ കൂടി ധരിച്ചതോടെ കാശ്മീര്‍ തീവ്രവാദിയാണെന്ന് തീരുമാനിക്കുകയായിരുന്നു. ഐ ഡി കാര്‍ഡും മറ്റു രേഖകളും കൈയിലുള്ളത് കൊണ്ടാണ് മോനേന്‍ രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധപ്പെടുത്തി നിറം പിടിപ്പിച്ച കഥകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമായിരുന്നു.
തീവ്രവാദത്തെയും മുസ്‌ലിംകളെയും സംബന്ധിച്ച ഉദ്യോഗസ്ഥ വിഭാഗത്തിന്റെ തെറ്റായ മനോഭാവത്തിന്റെ ആദ്യത്തെ ഇരയല്ല ഗോപാല്‍ മേനോന്‍. ഉസാമാ ബിന്‍ ലാദന്റെ വേഷം താടിയും ജുബ്ബയുമായത് കൊണ്ടാണോ എന്നറിയില്ല ആ വേഷം ധരിച്ചവരെല്ലാം തീവ്രവാദിയാണെന്ന ധാരണ ഇന്ത്യന്‍ പൊതുസമൂഹത്തെയും ഉദ്യോഗസ്ഥ വിഭാഗത്തെയും പിടികൂടിയിട്ടുണ്ട്. ഇപ്പേരില്‍ വിമാനത്താവളങ്ങളിലും മറ്റും വിശദ പരിശോധനക്കും ഭേദ്യം ചെയ്യലിനും വിധേയരായവര്‍ നിരവധിയാണ്. താടിയും തലപ്പാവും മുസ്‌ലിംകളുടെ മാത്രം വേഷമല്ല, ക്രിസ്തീയ പുരോഹിതരുള്‍പ്പെടെ മറ്റു പല സമൂദായക്കാരും നേതാക്കളും ഈ വേഷം അണിയുന്നുണ്ട്. അതുപോലെ തീവ്രവാദികള്‍ക്ക് ഒരു പ്രത്യേക വേഷവുമില്ല. സൈനിക വേഷത്തിലടക്കം അവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ജമ്മു കശ്മീരിലെ കതുവ ജില്ലയില്‍ ആക്രമണം നടത്താന്‍ കാശ്മീര്‍ തീവ്രവാദികള്‍ എത്തിയത് സൈനിക വേഷം ധരിച്ചായിരുന്നു. പക്ഷേ മുസ്‌ലിംവിരുദ്ധത സമൂഹത്തിന്റെ പൊതുബോധമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നേരെ ചൊവ്വേ ചിന്തിക്കുന്നവരും കാര്യങ്ങള്‍ വസ്തുതാപരമായി വിലയിരുത്തുന്നവരും നന്നേ ചുരുക്കമാണ്.
ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ഇത്തരമോരു ചിന്താഗതി വേരൂന്നിക്കഴിഞ്ഞിട്ടുണ്ടെന്നാണ് മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം, ബോളിവുഡ് താരം ഷാറുഖ് ഖാന്‍ തുടങ്ങി അന്താരാഷ്ട്ര പ്രശസ്തര്‍ക്ക് പോലും ന്യൂയോര്‍ക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം ബോധ്യപ്പെടുത്തുന്നത്. മുസ്‌ലിം എന്നാല്‍ തീവ്രവാദി എന്നൊരു പ്രചാരണം അമേരിക്കന്‍ സാമ്രാജ്യത്വവും അവരുടെ പിണിയാളുകളും നടത്തിവരുന്നുണ്ട്. തീവ്രവാദത്തോടുള്ള എതിര്‍പ്പോ സമാധാന ചിന്തയോ അല്ല ഇതിന് പിന്നില്‍; കേവല മുസ്‌ലിം വിരോധം മാത്രം. മുസ്‌ലിം രാഷ്ട്രങ്ങളെ നശിപ്പിക്കാനും മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയ്യാനുമുള്ള അമേരിക്ക- ഇസ്‌റാഈല്‍ സംയുക്ത പദ്ധതിക്കെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരാതിരിക്കാന്‍ മുസ്‌ലിം സമൂഹത്തെക്കുറിച്ചു തെറ്റായ ധാരണ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന ചിന്തയില്‍ ഉടലെടുത്ത തന്ത്രം. മധ്യേഷ്യയിലെ അധിനിവേശങ്ങള്‍ തുടരണമെങ്കില്‍ ഇസ്‌ലാമോഫോബിയ നിലനില്‍േക്കേണ്ടത് അനിവാര്യമാണ് അവര്‍ക്ക്. മുസ്‌ലിം നാടുകളില്‍ യുദ്ധം പടര്‍ത്താന്‍ ആയുധവ്യാപാര ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ, സയണിസ്റ്റ് വിഭാഗമാണ് ഇതിന് പിന്നില കുരുട്ടു ബുദ്ധികള്‍. ഇവരെ അനുകരിച്ചു ഹിന്ദുത്വ ശക്തികളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും നടത്തുന്ന പ്രചാരണമാണ് ഇന്ത്യന്‍ പൊതുബോധത്തില്‍ മുസ്‌ലിംകള്‍ തെറ്റിദ്ധരിക്കപ്പെടാനിടയാക്കിയത്. മോദിയുടെ ഗുജറാത്തില്‍ അരങ്ങേറിയ വംശവെറിയുടെ മറ്റൊരു രൂപമായി വേണം ഇതിനെ കാണാന്‍.
പാശ്ചാത്യരുടെ ഇസ്‌ലാമികവിരുദ്ധ പ്രചാരണം അയഥാര്‍ഥവും ഏകപക്ഷീയവുമാണെന്ന് അറിയാതെയല്ല ഇന്ത്യന്‍ മാധ്യമങ്ങള്‍ അതേറ്റുപിടിക്കുന്നത്. രാജ്യത്തെ മുസ്‌ലിം വിരുദ്ധ ശക്തികളുടെ ഒരു ഹിഡന്‍ അജന്‍ഡയാണിത്. ‘ഒരു അറബിയെ നിങ്ങള്‍ക്ക് ഭയലേശമന്യേ അടിക്കാം, എന്തെന്നാല്‍ അവന്‍ നിങ്ങളുടെ വില്ലനായ ശത്രുവാണ്. ഒരു ജൂതനോടോ കറുത്ത വര്‍ഗക്കാരനോടോ ഇതുപോലെ പെരുമാറാന്‍ നിങ്ങള്‍ക്കാവില്ലെ’ന്ന്, പാശ്ചാത്യ മീഡിയയുടെ മുസ്‌ലിംവിരുദ്ധതയെക്കുറിച്ചു ഒരമേരിക്കന്‍ മീഡിയ വിദഗ്ധന്‍ ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. പല ഇന്ത്യന്‍ മാധ്യമങ്ങളുടെയും നിലപാട് സമാനമാണ്. മുസ്‌ലിം പേരിനോടും വേഷത്തോടും അലര്‍ജിയാണവര്‍ക്ക്. അതേസമയം ഹിന്ദുത്വ ക്യാമ്പുകളില്‍ അരങ്ങൊരുങ്ങുന്ന വര്‍ഗീയ തീവ്രവാദ ചലനങ്ങളെ അവര്‍ അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു. അവരുടെ ഹിഡന്‍ അജന്‍ഡകളുടെ ഫലപ്രാപ്തിയുടെ തെളിവുകളില്‍ ഒന്ന് മാത്രമാണ് ഗോപാല്‍ മേനോന് നേരിട്ട അനുഭവം.