ആഡംബര കാറുകള്‍ വാടകക്കെടുത്ത് അതിര്‍ത്തി കടത്തുന്ന സംഘം പിടിയില്‍

Posted on: September 29, 2014 8:08 pm | Last updated: September 29, 2014 at 8:08 pm
SHARE

ദുബൈ: നഗരത്തിലെ ചില റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള കാറുകള്‍ വാടകക്കെടുത്ത് അയല്‍ രാജ്യത്തേക്ക് കടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. വ്യാജ രേഖ ചമച്ച് സംഘം അതിര്‍ത്തി കടത്തിയ കാറുകള്‍ ആ രാജ്യത്തെ പോലീസ് അധികൃതരുടെ സഹകരണത്തോടെ തിരിച്ചെത്തിച്ചു.
ഒരു ജി സി സി പൗരനും രണ്ട് അഫ്ഗാനികളും അടങ്ങുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ജി സി സി പൗരന്‍ അയല്‍ രാജ്യത്തിരുന്നാണ് കാര്‍ കടത്തിന് നേതൃത്വം നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
അഞ്ച് ലക്ഷത്തിലധികം ദിര്‍ഹം വിലവരുന്ന റൈഞ്ച് റോവര്‍ ഇനത്തില്‍ പെട്ട ആഡംബര കാറുകളാണ് പ്രതികള്‍ വാടകക്കെടുത്ത് അതിര്‍ത്തി കടത്തിയത്. നഗരത്തിലെ ചില റെന്റ് എ കാര്‍ സ്ഥാപന ഉടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കടത്തലിന്റെ ചുരുളഴിഞ്ഞത്.
പാസ്‌പോര്‍ട്ട് കോപ്പിയുള്‍പ്പെടെയുള്ള ചില തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചാണ് ടൂറിസ്റ്റ് വിസയില്‍ എത്തിയ അഫ്ഗാന്‍ സ്വദേശി ഒന്നാം പ്രതിയായ ജി സി സി പൗരന് വേണ്ടി കാര്‍ വാടകക്കെടുത്തിരുന്നത്. ഇയാള്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. ഒരു ദിവസത്തിന് മാത്രമെന്ന് പറഞ്ഞ് വാടകക്കെടുക്കുന്ന കാര്‍ രണ്ടാം ദിവസവും തിരിച്ചെത്തിക്കാതിരിക്കുകയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോഴാണ് സ്ഥാപന ഉടമകള്‍ പോലീസില്‍ പരാതിപ്പെടുന്നത്. കേവലം 900 ദിര്‍ഹം മാത്രം ഗ്യാരണ്ടിയായി വാങ്ങിയാണ് സ്ഥാപനങ്ങള്‍ ഇവര്‍ക്ക് കാര്‍ വാടകക്ക് നല്‍കിയിരുന്നത്. കാര്‍ കടത്തുന്നതില്‍ അഫ്ഗാനിക്ക് സഹായിയായി പ്രവര്‍ത്തിച്ച തന്റെ നാട്ടുകാരനും പരിസരത്തെ എമിറേറ്റില്‍ വിസയിലുള്ളയാളുമായ യുവാവിലൂടെയാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.
ഓരോ കാര്‍ അതിര്‍ത്തികടത്തി എത്തിച്ചുകൊടുക്കുന്നതിനും പതിനായിരം ദിര്‍ഹമാണ് അഫ്ഗാനിക്ക് ഒന്നാം പ്രതി പ്രതിഫലമായി നല്‍കിയിരുന്നത്. സമാനമായ കേസില്‍ 25 വര്‍ഷം മുമ്പ് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ട വ്യക്തിയാണ് കേസിലെ ഒന്നാം പ്രതിയെന്നും പോലീസ് അറിയിച്ചു.