Connect with us

Gulf

വിദേശ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ കേന്ദ്രമായി ദുബൈ മാറുന്നു

Published

|

Last Updated

ദുബൈ: വിദേശ വിദ്യാര്‍ഥികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി ദുബൈ മാറുന്നതായി റിപോര്‍ട്ട്. ദുബൈ നോളജ് വില്ലേജ് എം ഡി ഡോ. അയ്യൂബ് കാസിമാണ് അടുത്തിടെ നടന്ന ഇന്റര്‍നാഷനല്‍ പ്രൈവറ്റ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഫോറ (ഐ പി എസ് ഇ എഫ്)ത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ ദുബൈയില്‍ എത്തി വിദ്യ അഭ്യസിക്കുന്ന സ്ഥിതി 2009ന് ശേഷം അഞ്ചു മടങ്ങായാണ് ഉയര്‍ന്നിരിക്കുന്നത്. പ്രമുഖ സ്ഥാപനമായ ടീകോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ ക്ലസ്റ്ററില്‍ പത്തിരട്ടിയാണ് വിദ്യാര്‍ഥികളുടെ വര്‍ധനവ്. 2003ല്‍ ഉണ്ടായിരുന്നതിന്റെ 10 ഇരട്ടിയായാണ് ഇവിടെ വിദേശത്തു നിന്നും എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
ടീകോമിന് കീഴില്‍ 400 അധ്യയന പരിപാടികളാണ് നടക്കുന്നത്. എക്‌സ്‌പോ 2020ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിദേശ കുട്ടികള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിശാസ്ത്രപരമായ കിടപ്പും വിസ ചട്ടങ്ങള്‍ സങ്കീര്‍ണമല്ലാത്തതും ദുബൈയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാജ്യാന്തര തലത്തിലുള്ള ഉയര്‍ന്ന ഗുണമേന്മയും കുട്ടികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. സാംസ്‌കാരികമായ ഉന്നതനിലവാരവും സുരക്ഷിത നഗരമെന്ന ഖ്യാതിയും കുട്ടികളുടെ ഒഴുക്ക് വര്‍ധിപ്പിക്കൂന്നതായും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗം ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് വിദേശ വിദ്യാര്‍ഥികളുടെ വരവ് സൂചിപ്പിക്കുന്നതെന്ന് ഐ പി എസ് ഇ എഫ് സ്ഥാപകരില്‍ ഒരാളായ റോണ ഗ്രീന്‍ ഹില്‍ അഭിപ്രായപ്പെട്ടു. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ദുബൈയില്‍ ശാഖകള്‍ ആരംഭിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.
പല അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ രംഗത്ത് ദുബൈക്ക് മികച്ച ഭാവിയാണുള്ളതെന്ന് കരുതുന്നതിനാല്‍ ഇനിയും കുടുതല്‍ സ്ഥാപനങ്ങള്‍ നഗരത്തിലേക്ക് ചേക്കേറും. പ്രത്യേകിച്ച് വേള്‍ഡ് എക്‌സ്‌പോ 2020നായി നഗരം ആതിഥ്യം അരുളാന്‍ ഒരുങ്ങുന്നതിനാല്‍. പ്രധാനമായും ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രമുഖരാവും നഗരത്തിലേക്ക് വരികയെന്നും അദ്ദേഹം പറഞ്ഞു.

 

Latest