ജൈറ്റെക്‌സ്; യു എ ഇ ബ്രാന്‍ഡുകള്‍ ആകര്‍ഷകം

Posted on: September 29, 2014 7:40 pm | Last updated: September 29, 2014 at 7:40 pm
SHARE

ദുബൈ: യു എ ഇ ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കും വന്‍ ഡിമാന്റാണ് ജൈറ്റെക്‌സില്‍. യൂറോസ്റ്റാറിന്റെ മൊബൈല്‍ ബ്രാന്റായ ഫ്‌ളൈ ബൈ യൂറോസ്റ്റാര്‍ ചൂടപ്പം പോലെയാണ് വിറ്റുപോയതെന്ന് ഗ്രൂപ്പ് സി ഒ ഒ യൂസുഫ് സയിദി പറഞ്ഞു. സാന്‍ഫോര്‍ഡ്, മിസ്റ്റര്‍ പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളും നന്നായി വിറ്റുപോകുന്നുണ്ടെന്ന് അതാത് കമ്പനികളുടെ പ്രതിനിധികള്‍ അറിയിച്ചു.
യു കെ ആസ്ഥാനമായ സ്മാര്‍ട്‌ഫോണ്‍ കമ്പനിയാണ് ഫ്‌ളൈ. ഇവരുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫ്‌ളൈ ബൈ യൂറോസ്റ്റാര്‍ എന്ന പേരിലാണ് യൂറോസ്റ്റാര്‍ മധ്യ പൗരസ്ത്യ ദേശത്ത് വിതരണം ചെയ്യുന്നത്. യു എ ഇയാണ് ആസ്ഥാനം. ഇത്തവണ ഒമ്പത് വ്യത്യസ്ത മോഡലുകള്‍ ഇറക്കിയെന്നും ജൈറ്റെക്‌സില്‍ ലഭ്യമാണെന്നും യൂസുഫ് സൈദി അറിയിച്ചു. ഇതോടൊപ്പം ഫാബ്‌ലറ്റുകളും ഇ-വാച്ചുകളും യൂറോസ്റ്റാര്‍ ഇറക്കിയിട്ടുണ്ട്. ഇ-വാച്ചിന് 299 ദിര്‍ഹമാണ് വില ഈടാക്കുന്നതെന്നും യൂസുഫ് സൈദി പറഞ്ഞു.
1,500 ഓളം ഉത്പന്നങ്ങള്‍ സാന്‍ഫോര്‍ഡ് ഇറക്കിയിട്ടുണ്ടെന്ന് മീഡിയാ മാനേജര്‍ ഹരിപ്രസാദ് പറഞ്ഞു. ഇലക്‌ട്രോണിക്‌സിനു പുറമെ അടുക്കള ഉപകരണങ്ങളും ഇറക്കിയിട്ടുണ്ട്. ഫഌമിഗോ എന്ന പേരിലാണിതെന്നും അദ്ദേഹം അറിയിച്ചു.
മിസ്റ്റര്‍ ലൈറ്റ്, മിസ്റ്റര്‍ പ്ലസ്, ഫോക്കസ് എന്നീ ബ്രാന്‍ഡുകളിലായി മൂണ്‍വേ ഗ്രൂപ്പ് കമ്പോളത്തില്‍ സജീവമാണെന്ന് സി ഒ ഒ ജോസി സ്റ്റീഫന്‍ കാട്ടൂര്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ തുറക്കുമെന്നും ജോസി അറിയിച്ചു.