റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി

Posted on: September 29, 2014 8:13 pm | Last updated: September 29, 2014 at 8:13 pm
SHARE

Traffic awareness class-photoഅജ്മാന്‍: റഡാറുകള്‍ മാത്രം നോക്കി വേഗം നിയന്ത്രിക്കുന്നവര്‍ക്ക് അജ്മാന്‍ പോലീസ് റോഡ് സുരക്ഷാ മേധാവിയുടെ മുന്നറിയിപ്പ്. അമിത വേഗതയില്‍ പോയി വീഡിയോ ക്യാമറകളില്‍ കുടുങ്ങിയാല്‍ പിഴയീടാക്കുമെന്ന് അജ്മാന്‍ ട്രാഫിക് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ ട്രാഫിക് പോലീസ് മേധാവി കേണല്‍ മഹമൂദ് യൂസഫ് അല്‍ അമരി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ആസാ ഗ്രൂപ്പ് കമ്പനീസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ക്ക് ഇത്തരമൊരു ബോധവത്കരണ ക്ലാസ് നടത്തിയത്.
ഏത് രാജ്യക്കാരനായാലും ഏത് മതക്കാരനായാലും ജീവന്‍ വിലപ്പെട്ടതാണെന്നും മോബൈല്‍ ഫോണ്‍ ഉപയോഗവും കൃത്യമായി ഉറങ്ങാതെയുള്ള വാഹനമോടിക്കലുമാണ് അപകടങ്ങള്‍ക്ക് ഏറെയും വഴിവെക്കുന്നതെന്നും അദ്ദേഹം ഡ്രൈവര്‍മാരെ ഉണര്‍ത്തി. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡ്രൈവ്രര്‍മാര്‍ക്കായിരുന്നു ബോധവത്കരണ ക്ലാസ്. ഹിന്ദിയിലുള്ള ക്ലാസ് അവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഏറെ സഹായകമായി.
ഇടക്ക് മലയാളം കലര്‍ത്തിയത് ചിരിക്ക് വക നല്‍കി.പത്തും ഇരുപതും വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുന്നവരില്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന റോഡ് സുരക്ഷാ നിയമങ്ങളും കാര്യങ്ങളും ക്ലാസില്‍ വിവരിച്ചപ്പോള്‍ പങ്കെടുത്തവര്‍ക്ക് അത് നവ്യാനുഭവമായി.
ട്രാഫിക് വിഭാഗത്തിലെ ഫൈസല്‍ അലി മുഹമ്മദ്, ആസാ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ സി എച്ച് സാലിഹ്, എച്ച് ആര്‍ മാനേജര്‍ കെ വി ഇബ്രാഹിം കുട്ടി, ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ എവറസ്റ്റ് ഫെര്‍ണാണ്ടസ് എന്നിവര്‍ സംബന്ധിച്ചു.