ബേങ്ക് ഇടപാടുകാരെ കവര്‍ച്ച ചെയ്യാന്‍ മൂന്നംഗ സംഘം

Posted on: September 29, 2014 7:30 pm | Last updated: September 29, 2014 at 7:30 pm
SHARE
abudhabi police2
പോലീസ് പുറത്ത് വിട്ട
രേഖാ ചിത്രം

അബുദാബി: ബേങ്ക് ഇടപാടുകാരെ ലക്ഷ്യം വെച്ച് കവര്‍ച്ച നടത്തുന്നവരെ കരുതിയിരിക്കണമെന്ന് പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി ലെഫ്. കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി അറിയിച്ചു.
ബേങ്കുകള്‍ക്കു സമീപം കഴുകന്മാരെപ്പോലെ ഇത്തരക്കാര്‍ ഉണ്ടാകും. അവര്‍ നിങ്ങളുടെ നീക്കങ്ങള്‍ വീക്ഷിക്കുന്നുണ്ടാകും. പണം പിന്‍വലിച്ച് വാഹനത്തിനടുത്തെത്തുമ്പോള്‍ ശ്രദ്ധതിരിച്ച് കവര്‍ച്ച നടത്തുകയാണ് പതിവ്. വാഹനത്തിന്റെ ടയര്‍ തകര്‍ന്നുവെന്നോ ഓയില്‍ ചോരുന്നുവെന്നോ തെറ്റിദ്ധരിപ്പിച്ചാണ് കവര്‍ച്ച നടത്തുക.
മൂന്ന് ഏഷ്യക്കാരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 25നും 35നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. പാന്റ്‌സും ടീഷര്‍ട്ടുമാണ് ധരിക്കാറുള്ളത്. രാവിലെ 11.30 മുതല്‍ ഉച്ച കഴിഞ്ഞ് 1.30 വരെ ഇവര്‍ സജീവമാണ്.
ഇതില്‍ ഒരാള്‍ വാഹനത്തിന്റെ ചില്ലുവാതിലില്‍ മുട്ടും ഇടപാടുകാരുടെ ശ്രദ്ധ തിരിച്ചുവിട്ടാല്‍ സംഘത്തിലെ വേറൊരാള്‍ പണം കവര്‍ച്ച ചെയ്യും.
സംഘാംഗങ്ങള്‍ വാഹനം ഉപയോഗിക്കാറില്ല. ചിലപ്പോള്‍ മാത്രം സൈക്കിളില്‍ എത്തിയേക്കാം. മൊബൈല്‍ ഫോണിലൂടെയാണ് ഇവര്‍ ആശയ വിനിമയം നടത്തുന്നതെന്നും ലെഫ്. കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പറഞ്ഞു.