യു കെ ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Posted on: September 29, 2014 2:55 pm | Last updated: September 30, 2014 at 12:44 pm
SHARE

school

തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് യു കെ ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചു. കുടപ്പനക്കുന്ന് ഇളയമ്പള്ളിക്കോണത്തെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ആറ് വയസ്സുകാരനെ ശിക്ഷിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതല്‍ സ്‌കൂള്‍ വിടുന്നതു വരെയാണ് യു കെ ജി വിദ്യാര്‍ഥിയായ അഭിഷേകിനെ അധ്യാപിക പട്ടിക്കൂട്ടില്‍ അടച്ചത്. കൂട്ടിലുണ്ടായിരുന്ന പട്ടിയെ പുറത്തിറക്കിയ ശേഷം കുട്ടിയെ ഉള്ളില്‍ അടക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയുടെ സമ്മതത്തോടെയാണ് അധ്യാപിക ശിക്ഷ നടപ്പാക്കിയത്. വൈകുന്നേരം മൂന്ന് മണി വരെ ചെറിയ കൂടിനുള്ളില്‍ ആഹാരം പോലും നല്‍കാതെ കുട്ടിയെ നിര്‍ത്തുകയായിരുന്നു.
ഇതേ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരി, പട്ടിക്കൂട്ടില്‍ അടച്ചിരുന്ന സഹോദരനെ കാണുകയും വിവരം പ്രിന്‍സിപ്പലിനോട് പറയുകയും ചെയ്തു. എന്നാല്‍, അവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും വിവരം പുറത്തു പറയുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ ഭീഷണിയെ ഭയന്ന് ഞായറാഴ്ച വരെ കുട്ടികള്‍ സംഭവം പുറത്തു പറഞ്ഞിരുന്നില്ല. കുട്ടി ബന്ധുക്കളുമൊത്ത് കഴിഞ്ഞ ശനിയാഴ്ച കോവളത്ത് പോയ സമയത്താണ് സഹോദരനെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട വിഷയം സഹോദരി പുറത്തു പറയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയുടെ മാതാവിനെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ പട്ടിക്കൂടിനുള്ളിലാക്കിയ അധ്യാപികയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അഭിഷേകിനെ പട്ടിക്കൂട്ടിനുള്ളിലിട്ട സമയത്ത് കൂടിന്റെ ഭാഗം ഓല കൊണ്ട് മറക്കുകയും പുറത്തു നിന്നുള്ളവര്‍ കാണാതിരിക്കാന്‍ സ്‌കൂള്‍ ഗേറ്റിനു മുകളില്‍ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നുവെന്ന് സഹോദരി പറയുന്നു. സംഭവത്തെ തുടര്‍ന്ന് കെ മുരളീധരന്‍ എം എല്‍ എ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഈ സ്‌കൂളിനെ സംബന്ധിച്ച് നേരത്തെയും ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. കാലില്‍ വ്രണവുമായി സ്‌കൂളിലെത്തിയ കുട്ടിയെ നോട്ട്ബുക്ക് എറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവവുമുണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ കോണ്‍ഗ്രസ്, ബി ജെ പി, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ സംഘടിച്ചെത്തി ക്ലാസ് ടീച്ചറെയും പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഡി പി ഐയും ബാലാവകാശ കമ്മീഷനും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് ലൈനും സംഭവത്തില്‍ കേസെടുത്തു. അതേസമയം, വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിനോട് പറഞ്ഞു.