നിര്‍ധന യുവതികളുടെ മംഗല്യത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മന്ത്രി മുനീറിന്റെ സെല്‍ഫി വീഡിയോ

Posted on: September 29, 2014 12:41 pm | Last updated: September 30, 2014 at 12:30 am
SHARE

mk-muneer3കൊല്ലം: ആര്‍ഭാടവിവാഹങ്ങള്‍ സംഘടിപ്പിക്കുന്നവരോട് നിര്‍ധന യുവതികളുടെ വിവാഹത്തിന് കൂടി സഹായിക്കണമെന്ന മന്ത്രി എം കെ മുനീറിന്റെ അഭ്യര്‍ഥന നവമാധ്യമങ്ങളില്‍ വൈറലാകുന്നു. വിവാഹപ്രായമെത്തിയിട്ടും വിവാഹം കഴിക്കാനാതെ തൊട്ടടുത്ത വീടുകളില്‍ കഴിയുന്ന നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യമുണ്ടാകുന്നതിന് ചുരുങ്ങിയത് 25000 രൂപയെങ്കിലും മാറ്റിവെക്കണമെന്നാണ് സാമൂഹിക ക്ഷേമ മന്ത്രിയുടെ അഭ്യര്‍ഥന. നിര്‍ധന യുവതികളുടെ വിവാഹത്തിന് കൈത്താങ്ങായി സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രത്യാശ പദ്ധതി ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യാശ അമ്പത്, അമ്പത് എന്നപേരില്‍ തുടങ്ങിയിരിക്കുന്ന പദ്ധതിയിലേക്ക് 25,000 രൂപ ഒരാള്‍ സഹായം നല്‍കുകയാണെങ്കില്‍ 25,000 രൂപ കൂടി ചേര്‍ത്ത് സാമൂഹിക സുരക്ഷാ മിഷന്‍ 50,000 രൂപ സാധുപെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഇതിനകം 10 കോടി രൂപ പദ്ധതി പ്രകാരം ചിലവഴിച്ചിട്ടുണ്ടെന്നും ഇതില്‍ അമ്പത് ശതമാനം സാമൂഹിക സുരക്ഷാ മിഷന്‍ എടുത്തപ്പോള്‍ അമ്പത് ശതമാനം മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് നല്‍കിയതെന്നും മന്ത്രി പറയുന്നു. വിവാഹം ഉറപ്പിച്ച 22 വയസ് പൂര്‍ത്തിയായ നിര്‍ധന യുവതികള്‍ക്കാണ് സാമൂഹിക സുരക്ഷാ മിഷന്‍ സഹായമെത്തിക്കുക. ഇതിനോടകം 2000 പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായമെത്തിക്കാന്‍ കഴിഞ്ഞുവെന്നും നിലവില്‍ 4000 അപേക്ഷകള്‍ സഹായം അഭ്യര്‍ഥിച്ച് സാമൂഹിക സുരക്ഷാ മിഷന്റെ മുമ്പിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു. പദ്ധതി കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാകുന്നതിനായി മത നേതാക്കള്‍ക്കും രാഷ്ട്രീയ- യുവജന സന്നദ്ധ പ്രസ്ഥാനങ്ങള്‍ക്കും കത്തെഴുതാനാണ് മന്ത്രിയുടെ തീരുമാനം.

നിങ്ങളുടെ വിലപ്പെട്ട സംഭാവനകള്‍ നല്‍കികൊണ്ട് പ്രാര്‍ഥന ലഭിക്കുന്നവരുടെ, സമൂഹത്തിന്റെ സ്‌നേഹം ലഭ്യമാക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടട്ടെയെന്ന പ്രാര്‍ഥിക്കുന്ന മന്ത്രി പാവപ്പെട്ട പെണ്‍കുട്ടികളുടെ മുഖത്ത് തെളിയുന്ന പുഞ്ചിരി നല്‍കുന്ന ആനന്ദത്തേക്കാള്‍ മറ്റൊന്നുമില്ലെന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.