ജയലളിത ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Posted on: September 29, 2014 11:36 am | Last updated: September 30, 2014 at 12:30 am
SHARE

jayalalitha

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.  ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും നാളെ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുക. ദസറ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ അടുത്ത മാസം ആറ് വരെ ഹൈക്കോടതിക്ക് അവധിയാണ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കല്‍ ഡികുന്‍ഹയാണ് ജയലളിതയെയും കൂട്ടു പ്രതികളെയും നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. നൂറ് കോടി രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു.
കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അഴിമതിക്കേസുകളില്‍ കുറ്റക്കാരിയാണെന്ന വിധിക്ക് മേല്‍ക്കോടതികള്‍ സാധാരണ സ്‌റ്റേ നല്‍കാറില്ല. മുന്‍ ക്രിക്കറ്റ് താരവും ബി ജെ പി. എം പിയുമായിരുന്ന നവജ്യോത് സിംഗ് സിദ്ദു ഉള്‍പ്പെട്ട ശിക്ഷാര്‍ഹമായ നരഹത്യാ കേസില്‍ കുറ്റക്കാരാണെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി കണ്ടെത്തിയതിന് സുപ്രീം കോടതി സ്‌റ്റേ നല്‍കിയിരുന്നു. കുറ്റക്കാരിയാണെന്ന വിധിക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കിയിട്ടില്ലെങ്കില്‍ ജയലളിതക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പത്ത് വര്‍ഷത്തെ വിലക്കുണ്ടാകും.