Connect with us

Wayanad

പടിഞ്ഞാറത്തറ പഞ്ചായത്ത് 200 കന്നുകുട്ടികളെ ദത്തെടുക്കുന്നു

Published

|

Last Updated

പടിഞ്ഞാറത്തറ: മൃഗസംരക്ഷണവകുപ്പിന്റെ ഗോവര്‍ദ്ധിനി പദ്ധതിയിലും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ കന്നുകുട്ടിപരിപാലന പദ്ധതിയിലും ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം 200 കന്നുകുട്ടികളെ ദത്തെടുക്കുന്നു.
മികച്ച 200 കറവപശുക്കളെ ഇവിടെ തന്നെ വളര്‍ത്തിയെടുത്തു പ്രതിവര്‍ഷം 6 ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അമ്പതുലക്ഷം രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 18.75 ലക്ഷം രൂപ മൃഗസംരക്ഷണവകുപ്പും 6.25 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും സബ്‌സിഡിയായി ക്ഷീരകര്‍ഷകര്‍ക്കു നല്‍കുന്നതാണ്. ഏറ്റവും കുറഞ്ഞത് ശരാശരി പത്തു ലിറ്റര്‍ പാല്‍ ഉല്‍പാദനമുള്ള പശുക്കളുടെ കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 4 മാസം വരെ പ്രായമുള്ള ആരോഗ്യമുള്ള കന്നുകുട്ടികളായിരിക്കണം. മൂന്ന് മാസം കഴിഞ്ഞ കന്നുകുട്ടികള്‍ക്കും അമ്മ പശുവിനും നിര്‍ബന്ധമായും കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പ് എടുത്തിരിക്കണം. മൃഗസംരക്ഷണവകുപ്പില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്ന കര്‍ഷകരുടെ അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളു. പദ്ധതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് പത്തു ശതമാനവും വനിതകള്‍ക്ക് മുപ്പത് ശതമാനവും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ ക്ഷീരസാഗരം പദ്ധതിയില്‍പെട്ടവര്‍ക്ക് മുന്‍ഗണനയും നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന കന്നുകുട്ടികള്‍ക്ക് 30 മാസം വരെ പ്രത്യേക കന്നുകുട്ടിതീറ്റ പകുതി വിലക്ക് നല്‍കും. കൂടാതെ വിരമരുന്ന്, ധാതുലവണമിശ്രിതം, വൈറ്റമിന്‍ ടോണിക്കുകള്‍ എന്നിവയും നല്‍കും. പദ്ധതി തീരുന്നതു വരെ കന്നുകുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷണവും ഉണ്ടായിരിക്കും. പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് പടിഞ്ഞാറത്തറ മൃഗാശുപത്രിയുമായോ കുപ്പാടിത്തറ, പടിഞ്ഞാറത്തറ, കാപ്പിക്കളം ക്ഷീരസംഘങ്ങളുമായോ ചേരിയംകൊല്ലി, കുപ്പാടിത്തറ, കാപ്പിക്കളം വെറ്ററിനറി സബ്‌സെന്ററുകളുമായോ ബന്ധപ്പെടണം. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി പദ്ധതി വിജയിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847655191, 9745387354, 9446410564.

Latest