മക്കിമലയില്‍ എന്‍ സി സി പരിശീലന കേന്ദ്രം ആരംഭിക്കുന്നു

Posted on: September 29, 2014 10:38 am | Last updated: September 29, 2014 at 10:38 am
SHARE

മാനന്തവാടി: ജില്ലയില്‍ എന്‍ സി സി പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങുന്നു. പ്രിയദര്‍ശിനിയുടെ ഉടമസ്ഥതയിലുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയിലാണ് കേന്ദ്രം സ്ഥാപിക്കുക. സ്ഥലം വിട്ടുനല്‍കിയാലുടന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും. ഭൂമിലഭിക്കാത്തതായിരുന്നു ഇതുവരെയുള്ള തടസ്സം. പ്രിയദര്‍ശിനി തോട്ടത്തിന്റെ ഉടമസ്ഥതയിലുള്ള മക്കിമല രണ്ട് ഏക്കര്‍ സ്ഥലത്താണ് കേന്ദ്രം ആരംഭിക്കുക.
സ്ഥലം ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രിയദര്‍ശിനി സൊസൈറ്റിക്ക് കത്ത് നല്‍കി കഴിഞ്ഞു. മുമ്പ് റവന്യു ഭൂമി പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക എതിര്‍പ്പുകളെ തുടര്‍ന്ന് തീരുമാനം മാറ്റിയതായിരുന്നു. ഇതെ തുടര്‍ന്നാണ് പുതിയ സ്ഥലം കണ്ടെത്താനായി നീക്കം ആരംഭിച്ചത്. യൂണിറ്റ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്ഥലം ലഭ്യമാകുന്ന മുറക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള ഫണ്ട് കേന്ദ്രം അനുവദിക്കും. സ്ഥാപനം യാഥാര്‍ഥ്യമാകുന്നതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ക്ക് വരെ പരിശീലനം നല്‍കാനാകും.
സ്ഥാപനം യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പരിശീലന കേന്ദ്രമായി മാറും. ട്രക്കിംഗ്, സെമിനാര്‍, റെപ്പ് ക്ലൈബിംഗ് പരിശീലനം, ആയുധ പരിശീലനം, പാരാക്ലൈബിംഗ് ,പരേഡ് ഗ്രൗണ്ട്, ഫയറിംഗ് റേഞ്ച് പരിശീലനം എന്നിവ ന്ദ്രേത്തിലുണ്ടാവും. സ്ഥരം പരിശീലന കേന്ദ്രമായാണ് സ്ഥാപിക്കുക. 600 പേര്‍ക്ക് താമസിച്ച് പരിശീലനം നല്‍കാനുള്ള സൗകര്യമാണ് കേന്ദ്രത്തിലുണ്ടാവുക. ഇടുക്കി പീരുമേടും കോഴിക്കോട് സര്‍വകലാശാലയിലുലും മാത്രമാണ് ഇപ്പോള്‍ എന്‍ സി സി അക്കാദമി പ്രവര്‍ത്തിക്കുന്നത്. യൂണിറ്റ് യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ ഏറ്റവും സൗകര്യമുള്ള എന്‍ സി സി അക്കാദമിയായി മാനന്തവാടി യൂണിറ്റ് മാറും. മന്ത്രി പി കെ ജയലക്ഷ്മി പ്രത്യേക താല്‍പര്യമെടുത്താണ് യൂണിറ്റ് മാനന്തവാടിയില്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.